Top
23
Wednesday, August 2017
About UsE-Paper

കലാലയസ്മരണയില്‍ ചിരിയുടെ പൂമഴ പെയ്യിച്ച് മാര്‍ ക്രിസോസ്റ്റം

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌


ആലുവ > എഴുപത്തഞ്ച് വര്‍ഷംമുമ്പ് പഠിച്ചിറങ്ങിയ യുസി കോളേജ് ക്യാമ്പസിലേക്ക് പൂര്‍വവിദ്യാര്‍ഥിയായ ചിരിയുടെ വലിയ തിരുമേനിയെത്തി. പരീക്ഷാച്ചൂടില്‍ അമര്‍ന്നുകഴിഞ്ഞ ക്യാമ്പസില്‍ ചിരിയുടെ പൂമഴ പെയ്യിച്ചാണ് തിരുമേനി മടങ്ങിയത്. മാര്‍ത്തോമാസഭ വലിയ മെത്രാപോലീത്ത ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം ജന്മദിനാഘോഷങ്ങള്‍ വിപുലമായാണ് യുസി കോളേജില്‍ സംഘടിപ്പിച്ചത്. നീണ്ടപ്രസംഗങ്ങള്‍ ഒഴിവാക്കി ലളിതമായാണ് ആഘോഷം സംഘടിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്നേഹനിര്‍ഭരമായ ഗാനാലാപനങ്ങളുടെ രംഗപൂജയോടെയായിരുന്നു തുടക്കം. 1938-40കളില്‍ വിദ്യാര്‍ഥിയായിരുന്ന കാലം തിരുമേനി ഓര്‍ത്തെടുത്തു. നര്‍മംകലര്‍ന്ന തിരുമേനിയുടെ വാക്കുകള്‍ പുതുതലമുറ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. സ്വാതന്ത്യ്രസമരം കത്തിനിന്ന കാലത്തെ ക്യാമ്പസ് അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. സര്‍ സിപിയുടെ ഭരണകാലത്ത് സമരക്കാരെ അടിച്ചോടിക്കാന്‍ പൊലീസെത്തി. എന്നാല്‍, തന്റെ കുട്ടികളെ തല്ലാന്‍ പാടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കോളേജ് തല്ലിപ്പൊളിച്ചാല്‍ തങ്ങളെ വിളിക്കരുതെന്നായി പൊലീസ്. അപ്പനും അമ്മയും ഉണ്ടാക്കിയ കെട്ടിടങ്ങള്‍ മക്കള്‍ മുടിക്കുന്നെങ്കില്‍ മുടിക്കട്ടെ എന്നായി പ്രിന്‍സിപ്പല്‍. താന്‍ പഠിച്ചകാലത്ത് ആണ്‍കുട്ടികള്‍ മാത്രമേ കോളേജില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് തിരുമേനി ഓര്‍ത്തെടുത്തു. താന്‍ പഠിച്ചിറങ്ങിയ അടുത്തവര്‍ഷംമുതല്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചുതുടങ്ങിയെന്ന് പറഞ്ഞതോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിരി പടര്‍ന്നു.

വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് തിരുമേനി മറുപടി നല്‍കി. അടുത്ത ജന്മത്തില്‍ ആരാകണമെന്ന ചോദ്യത്തിന് ഈ ജന്മത്തിലെ ആളുതന്നെ ആയാല്‍ മതിയെന്നായിരുന്നു മറുപടി. തിരുമേനിയുടെ മാലകളോടുള്ള ഭ്രമം അറിയാവുന്ന അധ്യാപിക പ്രൊഫ. ലത മാത്യു, താന്‍ കൊണ്ടുവന്ന മാല തിരുമേനിയെ അണിയിച്ച് മുത്തം നല്‍കി. തന്റെ 100 വര്‍ഷത്തെ ജീവിതത്തിനിടെ ആദ്യമായാണ് ഒരു സ്ത്രീ മാല അണിയിക്കുന്നതെന്ന് തിരുമേനി പറഞ്ഞു.

പൂര്‍വവിദ്യാര്‍ഥികളും സമീപ ഇടവകയിലെ അംഗങ്ങളും അടങ്ങിയ വലിയ സദസ്സ് ആഘോഷങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. ജന്മശതാബ്ദിദിന സ്മാരകമായി ഭവനരഹിതയായ ഒരു വിദ്യാര്‍ഥിനിക്ക് വീടുവച്ചുനല്‍കുന്ന പദ്ധതിക്ക് തിരുമേനി തുടക്കംകുറിച്ചു. മാനേജര്‍ റവ. തോമസ് ജോണ്‍, പ്രിന്‍സിപ്പല്‍ പി തോമസ് മാത്യു, ഡോ. എം ഐ പുന്നൂസ്, ഡോ. താര കെ സൈമണ്‍, ഡോ. ജേക്കബ് ജോര്‍ജ് എന്നിവര്‍ നേതൃത്വംനല്‍കി.
 

Related News

കൂടുതൽ വാർത്തകൾ »