25 September Tuesday
സ്ഥിരംസമിതി തെരഞ്ഞെടുപ്പ്

ഐ ഗ്രൂപ്പ് കീഴടങ്ങി; രാജിവച്ചവർ സ്വസ്ഥാനങ്ങളിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


കളമശേരി
നഗരസഭയിലെ ഭരണസ്തംഭനത്തിലും കടുത്ത അഴിമതിയിലും മനംമടുത്തെന്നുപറഞ്ഞ് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവച്ച  മൂന്ന് ഐ ഗ്രൂപ്പ്കാരെ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പഴയസ്ഥാനങ്ങളിലേക്ക് വീണ്ടും തെരഞ്ഞെടുത്തു. ഒരുമാസം നീണ്ട വിലപേശലിനിടെ ചില കൗൺസിലർമാർ ഗ്രൂപ്പ് മാറിയതാണ് ഇവരെ   കീഴടങ്ങലിനു പ്രേരിപ്പിച്ചത്. മുൻ ചെയർമാന്റെ ഭാര്യയെ ചെയർപേഴ്സണാക്കണമെന്നായിരുന്നു ഐ ഗ്രൂപ്പ‌് ആവശ്യം. എന്നാൽ ഡിസിസിയുടെയും കെപിസിസിയുടെയും നിലപാട് ഇവർക്ക‌് അനുകൂലമായിരുന്നില്ല.

അധികാരമേറ്റ അന്നുമുതൽ അഴിമതി ആരോപണങ്ങളും കെടുകാര്യസ്ഥതയുമാണ് നഗരസഭയിൽ അരങ്ങേറുന്നത്. ഇതിനെ ശരിവയ‌്ക്കുന്ന ഓഡിറ്റ് റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ഇത് മൂർച്ഛിച്ചു നിൽക്കുമ്പോൾ നിലവിലുള്ള ഭരണത്തെ മുൾമുനയിൽ നിർത്തി ഐ ഗ്രൂപ്പ് നടത്തിയ രാജിനാടകം ഏറെ കൗതുകത്തോടെയായിരുന്നു കളമശേരിയിലെ പൗരാവലി നോക്കിക്കണ്ടത്. എന്നാൽ വിലപേശലിനൊടുവിൽ ഐ ഗ്രൂപ്പ് നടത്തിയ കീഴടങ്ങൽ ഏറെ സംശയങ്ങളുണ്ടാക്കുന്നു.

നഗരസഭയിലെ വികസനം, ആരോഗ്യം, ക്ഷേമകാര്യം എന്നീ സമിതി അധ്യക്ഷരാണ് ഗ്രൂപ്പ് തർക്കത്തെത്തുടർന്ന് രാജി വച്ചത‌്. ക്ഷേമകാര്യ സമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ഷാജി കടപ്പള്ളിയുടെയും സമിതി അംഗമായ മുസ്ലിം ലീഗ്  കൗൺസിലർ വി എസ് അബൂബക്കറിന്റെയും വോട്ട് അസാധുവായി. സിപിഐ എമ്മിലെ എ എ പരീതായിരുന്നു എതിർസ്ഥാനാർഥി. സമിതിയിലെ ഏഴ് അംഗങ്ങളിൽ അഞ്ചു പേർ യുഡിഎഫ് കൗൺസിലർമാരാണ്. രണ്ടുപേർ സിപിഐ എമ്മും. ഷാജഹാൻ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.  ഷാജഹാനും  അബൂബക്കറും ബാലറ്റ് പേപ്പറിൽ പേരെഴുതി ഒപ്പിടാൻ മറന്നു. ഇതാണ് വോട്ടുകൾ അസാധുവാക്കിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top