Top
27
Saturday, May 2017
About UsE-Paper
ഒരുവര്‍ഷത്തിനിടെ 656 കുടുംബങ്ങള്‍ക്ക് പട്ടയം

അവര്‍ കൃഷിയൊരുക്കുന്നു, സ്വന്തം മണ്ണില്‍

Saturday May 20, 2017
ഡി ദിലീപ്


കൊച്ചി > നേര്യമംഗലം ജങ്ഷനില്‍നിന്ന് ഇടതുതിരിഞ്ഞ് ജില്ലാ കൃഷിത്തോട്ടത്തിനിടയിലൂടെ ഒരുകിലോമീറ്ററോളം ചെന്നാല്‍ നേര്യമംഗലം ആദിവാസി പുനരധിവാസ കോളനിയായി. അവിടെ പിണറായി സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ 10 സെന്റ് ഭൂമി കപ്പയ്ക്കും കാച്ചിലിനും വാഴയ്ക്കുമായി കിളച്ചുമറിക്കുകയാണ് തലക്കോട് കോളനിയില്‍നിന്നെത്തിയ അന്ന ചാക്കോയും പ്രിന്‍സും ദേവസിയും പിണര്‍കുടിയില്‍നിന്നെത്തിയ കൃഷ്ണനും മരുതയുമെല്ലാം. ഒരുവശത്ത് പ്ളാസ്റ്റിക് ഷീറ്റിട്ട കൊച്ചുകൂരയുമുണ്ട്. ഇവര്‍ മാത്രമല്ല, 105 ആദിവാസികുടുംബങ്ങളാണ് ഇവിടെ ഭൂമിയുടെ നാഥന്മാരായത്. ഇതടക്കം ജില്ലയില്‍ 656 കുടുംബങ്ങള്‍ക്ക് ഈ ഒരുവര്‍ഷത്തിനകം പട്ടയം നല്‍കിക്കഴിഞ്ഞു.

ഭൂമിക്കായി ഇവര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 2002ലാണ് ആദിവാസി ഫണ്ട് ഉപയോഗിച്ച് പുനരധിവാസപദ്ധതിക്കായി ഇവിടെ 42 ഏക്കര്‍ സ്ഥലം വാങ്ങിയത്. 2004ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയെങ്കിലും ഉടന്‍തന്നെ തിരികെവാങ്ങുകയായിരുന്നു. സ്ഥലം താമസയോഗ്യമാക്കി നല്‍കുകയും ചെയ്തില്ല. തുടര്‍ന്ന് 2014ല്‍ ഇതേ സ്ഥലത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കൃഷി ചെയ്യാന്‍ വിട്ടുകൊടുത്തു. ഇതോടെ പ്രതിഷേധവുമായി ആദിവാസികള്‍ രംഗത്തെത്തി. ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടി  വേഗത്തിലായത്. ഫെബ്രുവരിയില്‍ പട്ടയവും നല്‍കി.

എന്നാല്‍ പ്ളാസ്റ്റിക് ഷീറ്റ്കൊണ്ടു കെട്ടിമറച്ച കുടിലുകളില്‍ കഴിയുന്ന ഇവര്‍ക്ക് വീട്ടുനമ്പര്‍ ഇതുവരെ പഞ്ചായത്ത് നല്‍കിയിട്ടില്ല. അതിനാല്‍ വീടിനോ കക്കൂസിനോ വൈദ്യുതിക്കോ അപേക്ഷിക്കാനും കഴിയുന്നില്ല. 42 ഏക്കറില്‍ ഏഴെട്ട് ഏക്കറോളം ചതുപ്പുപാടമാണ്. ഈ പാടത്തിന് അക്കരെ ഭൂമികിട്ടിയവരാണ് കൂടുതല്‍ ദുരിതത്തില്‍ കഴിയുന്നത്. റോഡിനും കലുങ്കിനുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപ്പായിട്ടില്ല. നല്ല നെല്ലുവിളയിക്കാന്‍ കഴിയുന്ന ഈ ചതുപ്പുപാടത്ത് കന്നിനെ വളര്‍ത്തുന്നത് ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നുണ്ട്. ആദിവാസികള്‍ക്ക് തിരിച്ചുനല്‍കിയ ഭൂമിയുടെ ഇടയ്ക്ക് റോഡിനായി മാറ്റിയിട്ടിരിക്കുന്ന സ്ഥലത്ത് പാഴ്മരങ്ങള്‍ നില്‍ക്കുന്നതിനാല്‍ റോഡ് നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. മരങ്ങള്‍ വെട്ടാന്‍ അനുമതിക്ക് വനം അധികൃതര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

പരാധീനതകള്‍ ഏറെയുണ്ടെങ്കിലും ഭൂമി കിട്ടിയതില്‍ ഇവരെല്ലാം ഒരുപോലെ സന്തോഷിക്കുന്നു. വെളിച്ചമില്ലെങ്കില്‍ മെഴുകുതിരിയെങ്കിലും കത്തിക്കാം. ഭൂമിയില്ലെങ്കില്‍ പൊറുക്കാന്‍ കഴിയുമോ?. ഭൂമിതന്നെ വലിയ പ്രശ്നം- അന്ന ചാക്കോയുടെ വാക്കുകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള നന്ദി പ്രകടമാകുന്നു.