26 September Wednesday
തിരിതെളിഞ്ഞു

ഇനി കലയുടെ രാപ്പകലുകള്‍

സ്വന്തം ലേഖകന്‍Updated: Wednesday Dec 30, 2015

കോതമംഗലം > റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ 28–ാം പതിപ്പിന് വര്‍ണാഭ തുടക്കം. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന് ഇനി കലയുടെ മൂന്നു രാപ്പകലുകള്‍. ആദ്യദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വൈപ്പിന്‍ ഉപജില്ല 45 പോയിന്റുമായി മുന്നേറ്റത്തിന്റെ വഴിയിലാണ്. 38 പോയിന്റുമായി നോര്‍ത്ത് പറവൂര്‍, 19 പോയിന്റുമായി ആതിഥേയരായ കോതമംഗലം ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്ളാം എച്ച്എസ്എസ് (എച്ച്എസ്) ആണ് മുന്നില്‍. ആദ്യദിനം മൂന്ന് അപ്പീലുകളും ലഭിച്ചു.  

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ ചവിട്ടുനാടകം, ബാന്‍ഡ്മേളം എന്നിവയായിരുന്നു ആദ്യദിനത്തിലെ പ്രധാന മത്സരങ്ങള്‍. ഹൈസ്കൂള്‍ വിഭാഗം മത്സരത്തിലെ വിധിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം രംഗത്തെത്തിയത് ആദ്യദിനത്തിലെ കല്ലുകടിയായി.

രാവിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ പ്രധാനവേദിയായ മാര്‍ ബേസില്‍ സ്കൂളില്‍ കലോത്സവത്തിന് പതാക ഉയര്‍ത്തി. പകല്‍ രണ്ടരയ്ക്ക് മാര്‍ത്തോമ ചെറിയപള്ളിക്കുമുന്നില്‍നിന്നാരംഭിച്ച ഘോഷയാത്ര നഗരംചുറ്റി പ്രധാന വേദിയായ മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. കലക്ടര്‍ എം ജി രാജമാണിക്യം ഫ്ളാഗ്ഓഫ് ചെയ്തു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്കു നിറംപകര്‍ന്നു.

പ്രധാനവേദിയില്‍ നടന്ന സമ്മേളനത്തില്‍ ടി യു കുരുവിള എംഎല്‍എ കലോത്സവം ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ മഞ്ജു സിജു അധ്യക്ഷയായി. യാക്കോബായസഭ കോതമംഗലം മേഖല മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ യൌസേബിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. കലക്ടര്‍ എം ജി രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ അബ്ദുള്‍ മുത്തലിബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി മാത്യു, സൌമ്യ ശശി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സന്‍ ഇല്ലിക്കല്‍, നഗരസഭാ കൌണ്‍സിലര്‍മാരായ ടീന മാത്യു, കെ വി തോമസ്, ഭാനുമതി രാജു, ഷെമീര്‍ പനയ്ക്കല്‍, ഷീബ എല്‍ദോസ്, അനൂപ് ഇട്ടന്‍, കെ എ നൌഷാദ്, പ്രിന്‍സി എല്‍ദോസ്, മാര്‍തോമ ചെറിയപള്ളി വികാരി ഫാ. സിബി ഇടത്തില്‍, ഡിഡിഇ എം കെ ഷൈന്‍മോന്‍, ഡിഇഒ പി ജി സുഭദ്രവല്ലി, എഇഒ പി എന്‍ അനിത, സി പി കുര്യാക്കോസ്, ജോര്‍ജ് മാത്യു,  എം ഡി ഗീവര്‍ഗീസ്, ജോസ് മാനുവല്‍ എന്നിവര്‍ സംസാരിച്ചു.

പട്ടണത്തിലെ വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലുമായി തയ്യാറാക്കിയ 16 വേദികളിലായി 230 ഇനങ്ങളിലാണ് മത്സരങ്ങള്‍.  രണ്ടാംദിനമായ ബുധനാഴ്ച ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, കുച്ചുപ്പുടി, നാടകം, സംഘനൃത്തം എന്നിവ അരങ്ങേറും.

പ്രധാന വാർത്തകൾ
Top