20 July Friday

ദളിത് വിധവയെ പഞ്ചായത്ത് അംഗം മര്‍ദിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

കിഴക്കമ്പലം > ആശാവര്‍ക്കറായ ദളിത് സ്ത്രീയെ പഞ്ചായത്ത് അംഗം ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയുംചെയ്തതായി പരാതി. ചൂരക്കോട് തച്ചേത്ത് ഉഷ (45)യെയാണ് വാര്‍ഡ് അംഗം ഷിബുപോളിന്റെ നേതൃത്വത്തില്‍ മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുംചെയ്തത്. ഞായറാഴ്ച പകല്‍ 11 ഓടെയാണ് സംഭവം. വിധവയായ ഉഷയുടെ രണ്ട് സെന്റ് സ്ഥലം ട്വന്റി-20യുടെ നേതൃത്വത്തിലുള്ള ഭരണസമിതി മാസങ്ങള്‍ക്കുമുമ്പ് റോഡ് വീതികൂട്ടുന്നതിനുവേണ്ടി കൈയേറിയിരുന്നു. ഉഷയ്ക്ക് വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും പാലിച്ചില്ല. പലപ്രാവശ്യം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് കൈയേറിയ സ്ഥലം ഉഷ ഞായറാഴ്ച രാവിലെ തിരിച്ചെടുത്ത് കമ്പിവേലി കെട്ടി തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷിബു പോളിന്റെ നേതൃത്വത്തില്‍ ഒരുസംഘം എത്തി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുംചെയ്യുകയായിരുന്നു. നാട്ടുകാര്‍ ഉഷയെ പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. വിധവയായ ഉഷ ഒറ്റയ്ക്കാണ് താമസം. ന

കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍  പ്രകടനവും പൊതുയോഗവും നടത്തി. ചൂരക്കോടുനിന്നാരഭിച്ച പ്രകടനം കുമ്മനോട് അവസാനിച്ചു. ഡിസിസി സെക്രട്ടറി മുഹമ്മദ്ഷിയാസ് യോഗം ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്കല്‍സെക്രട്ടറി സി പി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കെ വി ഏലിയാസ്, എം പി രാജന്‍, ഏലിയാസ് കാരിപ്ര, ജിന്‍സ് ടി മുസ്തഫ, കെ എം പരീത്പിള്ള, അലിയാര്‍, ജോളി ബേബി, പി എച്ച് അനൂപ്, സി കെ അയ്യപ്പന്‍കുട്ടി, പി ടി കുമാരന്‍, ഷിഹാബ് എന്നിവര്‍ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top