24 September Monday

കഥയും കവിതയും വിളഞ്ഞ എഴുത്തുകളരിക്ക് സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


കോതമംഗലം > നിറയെ കഥകളും കവിതകളുമായി പെരിയാറിന്റെ കരയിൽ പൂത്തുലഞ്ഞ ബാലസംഘം എഴുത്തുകളരി സമാപിച്ചു. ബാലസംഘം ജില്ലാ കമ്മിറ്റി ഭൂതത്താൻകെട്ടിൽ സംഘടിപ്പിച്ച കുട്ടിഎഴുത്തുകാർക്കുള്ള രണ്ടുദിവസത്തെ സാഹിത്യ ശിൽപ്പശാലയിൽ ജില്ലയിലെ 19 ഏരിയകളിൽനിന്നായി 64 കുട്ടികൾ പങ്കെടുത്തു.

ആദ്യദിനം കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കവിതയും വർത്തമാനവും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. മഹാരാജാസ് കോളേജ് മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ജൂലിയ ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കൊച്ചിൻ നാട്ടറിവ് സംഘത്തിന്റെ നാടൻപാട്ട് അരങ്ങേറി.

മധ്യകേരളത്തിന്റെ ദാഹശമനിയായ പെരിയാറിന്റെ ഉറവിടംതേടി പാട്ടും കളികളുമായി ഭൂതത്താൻകെട്ടിലൂടെ കുട്ടികളുടെ സഞ്ചാരത്തോടെയാണ് രണ്ടാംദിനം തുടങ്ങിയത്. കാടിന്റെ നീരുറവകൾ വറ്റിവരണ്ടപ്പോൾ ദാഹമകറ്റാനായി കാടിറങ്ങിയ ആനക്കൂട്ടത്തെ കുട്ടിക്കൂട്ടം നോക്കിനിന്നു.  ജില്ലയിലെ നാനാഭാഗത്തുനിന്നും എത്തിയ കൂട്ടുകാർക്ക് ഇതൊരു നവ്യാനുഭവമായിരുന്നു. തുടർന്ന് പാലക്കാടുനിന്നെത്തിയ പി എം നാരായണൻ കഥയുടെ കഥ എന്ന സെഷൻ നയിച്ചു. കാവ്യഭംഗിയെയും സർഗാത്മകരചനയെയും കഥയുടെയും കവിതയുടെയു പുത്തൻ ശീലുകളെയും അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇടവേളയിൽ പി പി മുരളീധരൻ നയിച്ച സാഹിത്യപ്രശ്നോത്തരി പുത്തൻ അറിവുകൾ പകർന്നു. 

സമാപനസമ്മേളനത്തിൽ ബാലസംഘം സംസ്ഥാന കോ‐ഓർഡിനേറ്റർ അഡ്വ.  എം രൺദീഷ് പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് അംഗം അഡ്വ. എസ് സതീഷ് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. ബാലസംഘം ജില്ലാ കൺവീനർ എം കെ റോയ്, കവി കുട്ടമ്പുഴ മുരളി, ക്യാമ്പ് ഡയറക്ടർ വി എ മോഹനൻ, എസ് ശ്രീലാൽ, പി എസ് അമൃത എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ ഹരികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോർജ് പി ജോസഫ് സ്വാഗതവും സി പി എസ് ബാലൻ നന്ദിയും പറഞ്ഞു.

ക്യാമ്പ് അംഗങ്ങളിൽനിന്ന് മികച്ച രചനയ്ക്കുള്ള സമ്മാനം എന്റെ സ്കൂളിന്റെ കഥ രചിച്ച കവളങ്ങാട് ഏരിയയിലെ ആഷ്ലി സിബി നേടി. സാഹിത്യ പ്രശ്നോത്തരിയിൽ കോലഞ്ചേരി ഏരിയയിലെ ടി ജി ആദിത്യൻ ഒന്നാമതെത്തി. ക്യാമ്പിൽ ഉയർന്നുവന്ന സർഗപ്രതിഭ ആർദ്രയെ അനുമോദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top