21 November Wednesday

പ്രളയം : 154 കോടിയുടെ 176 പദ്ധതികൾ ഉടൻ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 18, 2018

 
തൃക്കാക്കര
ജില്ലയിൽ പ്രളയബാധിതമായ പ്രദേശങ്ങളിൽ 154 കോടി രൂപയുടെ 176 പദ്ധതികൾ ഉടൻ പൂർത്തിയാക്കും. പ്രളയബാധിതമായ തദ്ദേശസ്ഥാപനങ്ങളിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ട പദ്ധതികളാണിത്. ഇവയുടെ അംഗീകാരം വിവിധ ഘട്ടങ്ങളിലായി ജില്ലാ ആസൂത്രണസമിതി നൽകിയിട്ടുണ്ട്. ഏലൂർ, അങ്കമാലി, ആലുവ, പറവൂർ, പെരുമ്പാവൂർ, കളമശേരി നഗരസഭകളിലെയും 43 പഞ്ചായത്തുകളിലെയും പറവൂർ, പാറക്കടവ്, അങ്കമാലി, പെരുമ്പാവൂർ ബ്ലോക്ക് പഞ്ചായത്തുകളിലെയും പദ്ധതികളാണ് ഭൂരിഭാഗവും. ഇതിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും റോഡ്, സംരക്ഷണഭിത്തിനിർമാണം, കലുങ്ക്, ചെറുപാലങ്ങൾ എന്നിവയും 23 ചെറിയ കുടിവെള്ളപദ്ധതികളുംപെടും.

പ്രളയബാധിത പ്രദേശങ്ങളിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നവംബർ 10നകം പൂർത്തിയാക്കാനാണ് നിർദേശം. ജില്ലയിൽ 135 ഇറിഗേഷൻ പദ്ധതികളാണുള്ളത്. ഇതിൽ 40 എണ്ണം പ്രവർത്തനയോഗ്യമാണ്. 12 എണ്ണം ഭാഗികമായും 83 എണ്ണം പൂർണമായും പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇവ പുനർനിർമിക്കും. 

കുടിവെള്ളപദ്ധതികൾക്ക് 24 കോടി രൂപ വേണ്ടിവരും. കൂടാതെ പെരിയാറിന്റെ തീരപ്രദേശം സംരക്ഷണഭിത്തി നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞു. റോഡ്, കലുങ്ക്, ചെറുപാലങ്ങൾ എന്നിവ നിർമിക്കാൻ 74 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. ഉടൻ നിർമാണം ആരംഭിക്കും.

ഇന്നസെന്റ് എംപിയുടെ വികസനഫണ്ടിൽനിന്ന‌് വിവിധ കോളനി നിർമാണത്തിനായി തുക അനുവദിച്ചിട്ടുണ്ട്. കൂവപ്പടി പഞ്ചായത്തിലെ നെടുമ്പാറ കോളനി കുടിവെള്ളപദ്ധതിക്ക് 27 ലക്ഷം രൂപയും മഴുവന്നൂർ പഞ്ചായത്തിലെ തിരുവാണിയൂർ പൊള്ളയിൽതാഴം കുടിവെള്ളപദ്ധതിക്ക് 40 ലക്ഷവും എടത്തല പഞ്ചായത്തിലെ കുർളാട് പട്ടികജാതി കോളനിക്ക് 28 ലക്ഷവും പൂതൃക്ക പഞ്ചായത്തിലെ പട്ടികജാതി ചോയിക്കരമുകൾ കോളനിവികസനത്തിന് 23 ലക്ഷം രൂപയും ചെലവഴിക്കും.

കുന്നുകര പഞ്ചായത്ത് വിവിധ ഫണ്ടിൽനിന്ന‌് 31, 24,14,000 രൂപയും പ്രളയാനന്തര വികസനപദ്ധതികൾക്കായി വിനിയോഗിക്കും.
2019– 20 വർഷത്തെ വാർഷികപദ്ധതികൾ ഡിസംബർ 10നുള്ളിൽ സമർപ്പിക്കാൻ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. നടപ്പുതെരഞ്ഞെടുപ്പു നടപടിചട്ടങ്ങൾ ഡിസംബറിൽ വരുന്നതിനാൽ ഒരു ഗഡുതുകയെങ്കിലും വാങ്ങിയ പദ്ധതികൾമാത്രമേ പിന്നീട് നടപ്പാക്കാൻ പറ്റൂ.
 


പ്രധാന വാർത്തകൾ
Top