28 May Monday

പഠനം എളുപ്പമാക്കാന്‍ ശ്രീനന്ദിനിയുടെ 'പ്രലോഭനം'

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

ഉദയംപേരൂര്‍ > സഹപാഠികള്‍ക്ക് പഠനം ലളിതമാക്കാനുള്ള  ശ്രീനന്ദിനിയുടെ 'പ്രലോഭന'ത്തിന് നിറഞ്ഞ കൈയടി.

പത്താംക്ളാസ് മലയാളം പുസ്തകത്തിലെ 'പ്രലോഭനം' എന്ന നളചരിതം ആട്ടക്കഥയിലെ ഇന്ദ്രന്റെ വേഷമാണ് ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിനി ശ്രീനന്ദിനി സഹപാഠികള്‍ക്കായി അരങ്ങില്‍ അവതരിപ്പിച്ചത്. ദമയന്തി സ്വയംവരത്തിന് സമയത്ത് എത്താന്‍ കഴിയാതെപോയ കലി നളദമയന്തിമാരെ തമ്മില്‍ അകറ്റാന്‍ തീരുമാനിക്കുന്നു. ഇതിനായി ദുര്‍ബലനായ പുഷ്കരനെ കലി പ്രലോഭിപ്പിക്കുന്നതാണ് കഥാസന്ദര്‍ഭം. മലയാള ഭാഷാപഠനത്തിന് കൂടുതല്‍ എളുപ്പമായ മാര്‍ഗമെന്ന നിലയില്‍ സ്കൂളിലെ മലയാളം ക്ളബ് ആമ്പല്ലര്‍ കേരള കലാക്ഷേത്രയുടെയും കേന്ദ്ര സാംസ്കാരികവകുപ്പിന്റെയും സഹകരണത്തോടെയാണ് പാഠഭാഗത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ ഒരുക്കിയത്.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥകളിയില്‍ വിജയിയാണ് ശ്രീനന്ദിനി. ഗുരുവായ ആര്‍എല്‍വി ഗോപിയാശാന്റെ ശിക്ഷണത്തിലാണ് ശ്രീനന്ദിനി പ്രലോഭനം അരങ്ങില്‍ എത്തിച്ചത്. ശ്രീനന്ദിനിക്കൊപ്പം കലിയായി ആര്‍എല്‍വി രാജു, പുഷ്കരനായി കലാനിലയം ബിജോയ്, പിന്നണിപ്പാട്ടുകാരായി കലാമണ്ഡലം സുധീഷ്, ആര്‍എല്‍വി സന്ദീപ്, മേളകലാകാരന്മാരായി കലാമണ്ഡലം അശോകന്‍, അമല്‍ എന്നിവരും കഥകളിപങ്കാളികളായി.

പ്രധാന വാർത്തകൾ
Top