17 December Monday

യുവാവ‌് ഭാര്യയെ കൊന്നത‌് സംശയംമൂലമെന്ന‌് പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

കൊച്ചി
കലൂരിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് സംശയംമൂലമെന്ന് നിഗമനം. ഗൾഫിൽനിന്ന് മൂന്നുദിവസംമുമ്പെത്തിയ സഞ്ജു സുലാൽ സേഠാ(39)ണ് ഭാര്യ ഉള്ളാട്ടിൽ വീട്ടിൽ ഷീബ(35)യെ ശനിയാഴ‌്ച രാത്രി വെട്ടിക്കൊന്നത്. ഫോൺവിളികൾ സംബന്ധിച്ച സംശയമാണ് സഞ്ജുവിനെ പ്രകോപിപ്പിച്ചതും കൊലനടത്താൻ പ്രേരിപ്പിച്ചതെന്നും പൊലീസ‌് പറയുന്നു.

കലൂർ എസ്ആർഎം റോഡിലെ ഷീബയുടെ കുടുംബവീട്ടിലായിരുന്നു ആക്രമണം. ഉമ്മ അഫ്‌സയോടൊപ്പമാണ‌് ഷീബ താമസിച്ചിരുന്നത്. രാത്രി വീട്ടിലെത്തിയ സഞ്ജു, ഷീബയെ കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ‌് അഫ്‌സയ്ക്ക് വെട്ടേറ്റത്. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷീബയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളെക്കണ്ട് സഞ്ജു വീട്ടിൽനിന്നിറങ്ങിയോടി. എന്നാൽ, വീടിന് സമീപത്തുനിന്ന് എറണാകുളം നോർത്ത് എസ്ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ പിടികൂടി. ആക്രമണത്തിനിടെ വലതുകൈപ്പത്തിക്ക‌് പരിക്കേറ്റ സഞ്ജു ശസ്ത്രക്രിയയ‌്ക്കുശേഷം എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ‌്. വലതുകൈയിലെ തള്ളവിരല്‍ ഒഴികെയുള്ള മറ്റു നാലു വിരലുകള്‍ക്കും ആഴത്തില്‍ മുറിവുണ്ട‌്. ഇടതുകൈയിലെ വിരലുകളിലെ ഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ്.  രണ്ടു കൈപ്പത്തിക്കും മുറിവുണ്ട‌്. ചികിത്സ കഴിഞ്ഞാൽ ഇയാളെ അറസ്റ്റ്ചെയ്ത് തുടർനടപടിയെടുക്കുമെന്ന‌് പൊലീസ‌് പറഞ്ഞു. ഷീബയുടെ മൃതദേഹം  പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുകൾക്ക് കൈമാറി.


പ്രധാന വാർത്തകൾ
Top