20 September Thursday

വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന‌് മർദനം; പരാതി ഒതുക്കാൻ കെ ബാബുവും ബെന്നി ബഹനാനും ശ്രമിച്ചെന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

മുളന്തുരുത്തി > വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസിൽ മർദിച്ച സംഭവത്തിൽ പരാതി നൽകാതിരിക്കാൻ കോൺഗ്രസ് നേതാക്കളായ മുൻ മന്ത്രി കെ ബാബുവും ബെന്നി ബഹനാനും സമ്മർദം ചെലുത്തിയെന്ന  വെളിപ്പെടുത്തൽ വിവാദമാകുന്നു. ജനുവരി 16ന് ഉണ്ടായ മർദനത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കെപിസിസിക്കും ഡിസിസിക്കും വൈസ് പ്രസിഡന്റ‌് മിനി ദിവാകരൻ പരാതി നൽകിയത്. ജനുവരി 16ന്   പ്രസിഡന്റിന്റെ കാബിനിൽ ജോൺ ജേക്കബ് തന്റെ പുറത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ‌് പരാതി. കൂടാതെ പ്രശനം ഒത്തുതീർപ്പിൽ എത്തിക്കാമെന്നും ആർക്കും പരാതി നൽകരുതെന്നും കെ ബാബുവും ബെന്നി ബഹനാനും നിർബന്ധിച്ചിരുന്നുവെന്നും ഇതേ തുടർന്നാണ് പരാതി നൽകാതിരുന്നതെന്നും വൈസ‌്പ്രസിഡന്റ‌് പറയുന്നു.

സംഭവത്തെ സംബന്ധിച്ച് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ മുമ്പെ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് ഡിസിസി ഭാരവാഹികൾ ഉദയംപേരൂരിൽ എത്തി സാക്ഷികളായ പഞ്ചായത്ത് അംഗങ്ങളിൽനിന്നും ജീവനക്കാരിൽനിന്നും തെളിവ് എടുത്തിരുന്നു. കമീഷൻ തെളിവെടുപ്പിൽ സംഭവം സത്യമാണെന്ന്  കണ്ടെത്തിയെന്നും നടപടി ഉണ്ടാകുമെന്ന് നേതൃത്വം കോൺഗ്രസ‌് പ്രവർത്തകർക്കും പഞ്ചായത്ത് അംഗങ്ങൾക്കും ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിമത പഞ്ചായത്ത് അംഗങ്ങളുടെ സമ്മർദം വർധിക്കുകയും പ്രശ്നം കൂടുതൽ വിവാദമാകുകയും ചെയ്തപ്പോൾ വൈസ് പ്രസിഡന്റിനെ മാത്രം നീക്കാൻ നേതൃത്വം  തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റിൽനിന്ന് മർദനമേറ്റതിനു പുറമെ തന്നെമാത്രം സ്ഥാനത്തുനിന്ന് നീക്കാനും തീരുമാനിച്ചതിനെ തുടർന്നാണ്  മിനി ദിവാകരൻ പരാതിയുമായി കെപിസിസി നേതൃത്വത്തിന് മുന്നിൽ എത്തിയത്. ഈ പരാതിയിലാണ് കെ ബാബുവിനും ബെന്നി ബഹനാനും എതിരെ പരാമർശം ഉള്ളത്. മിനി ദിവാകരന്റെ പരാതി നവമാധ്യമങ്ങൾ വഴി  പ്രചരിച്ചതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. തുടർന്ന് കഴിഞ്ഞ ദിവസം മിനിയെ ഡിസിസി ഓഫീസിൽ വിളിച്ചുവരുത്തിയ നേതാക്കൾ ഒത്തുതീർപ്പ‌് ശ്രമം നടത്തിയിരുന്നു.

മർദനമേറ്റ വൈസ് പ്രസിഡന്റിനെ മാത്രം സ്ഥാനത്തുനിന്ന് നീക്കാനുള്ള ശ്രമം കോൺഗ്രസിനുള്ളിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോൺഗ്രസിനും പഞ്ചായത്ത് ഭരണത്തിനും നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ഇരുവരെയും സ്ഥാനങ്ങളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയിലെ ഭൂരിപക്ഷം പഞ്ചായത്ത് അംഗങ്ങളും ചേർന്ന് നടത്തിയ നീക്കം പുതിയ സാഹചര്യത്തിൽ ലക്ഷ്യം കാണില്ലെന്നാണ് സൂചന.

പ്രധാന വാർത്തകൾ
Top