12 December Wednesday

പ്രളയമേ.. തോൽക്കില്ല; ഒടിയപാടത്ത‌് അതിജീവനത്തിന്റെ പച്ചപ്പ‌്

സ്വന്തം ലേഖകൻUpdated: Wednesday Nov 14, 2018

നെടുമ്പാശേരി > അത്താണിയായ പുഴ അന്തകനായപ്പോൾ പതറിയില്ല.  അവസാന തുള്ളി വെള്ളവും വലിയുന്നതുവരെ അവർ കാത്തുനിന്നു. നിലമൊരുക്കി, പ്രതീക്ഷയോടെ ഒടിയപാടത്തേക്ക് വീണ്ടും വിത്തെറിഞ്ഞു. കൂട്ടായ‌്മയുടെയും അതിജീവനത്തിന്റെയും കരുത്തിൽ ഒടിയപാടം വീണ്ടും പച്ചവിരിച്ചു.  പ്രളയം തകർത്ത പാറക്കടവിന്റെ കാർഷിക മേഖലയ‌്ക്ക‌്  ഫീനിക‌്സ‌് പുനർജനി.

പ്രളയം പാറക്കടവിലെ കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചാണ് ഒഴുകിപ്പോയത‌്. നെല്ല്, പച്ചക്കറി, മീൻ, ഏത്തവാഴ എല്ലാം വെള്ളത്തിലായി. ക്ഷീരകൃഷി മേഖല വരെ തകർന്നു. അവിടെ നിന്നുമാണ് ഒടിയപ്പാടം ഉയർത്തെഴുന്നേറ്റത്. വിത്തു വിതയ്ക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് പ്രളയം വന്നത്. വെള്ളം ഒഴിഞ്ഞതോടെ അവർ പതിവുപോലെ തൂമ്പയുമായി പാടത്തേക്കിറങ്ങി.   വെള്ളം കയറി നിശ്ചലമായ പമ്പ് സെറ്റ്  കർഷകർ പണം പിരിവെടുത്ത‌് നന്നാക്കി. പാടം വീണ്ടും ഇളക്കിമറിച്ച് വരമ്പുവച്ചു. മണ്ണൊരുക്കി. വിത്തിട്ടു. ഉമ വിത്താണ്  വിതച്ചത്. ജനുവരിയിൽ വിളവെടുപ്പിനു വേണ്ടിയുള്ള മുണ്ടകൻ കൃഷിയാണ് ചെയ്യുന്നത്.  പ്രളയം വന്നു, പോയി. നഷ്ടമൊക്കെ വരും. ഇനിയും പണിയെടുത്താൽ ജീവിക്കാമല്ലോ' 20 വർഷത്തിലേറെയായി ഒടിയപ്പാടത്ത് കൃഷി ചെയ്യുന്ന തളിയപറമ്പിൽ വിശ്വനാഥൻ പറയുന്നു. ഇക്കുറി 10 ഏക്കറിലധികം നെൽക്കൃഷിയാണ് വിശ്വനാഥൻ ചെയ്യുന്നത്. ഒടിയപ്പാടത്തു മാത്രമല്ല മറ്റിടങ്ങളിലും വാഴയും നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.

ജൈവകൃഷിയിൽ വിജയം കൊയ്ത പാറക്കടവ് സർവീസ് സഹകരണ ബാങ്ക‌് കർഷകർക്കൊപ്പമുണ്ട‌്. നില മൊരുക്കുന്നതിനും വിത്തു വാങ്ങുന്നതിനും കർഷകർക്ക് സഹായം നൽകി. പലിശരഹിത വായ്പയാണ് കൃഷിക്കാർക്കു നൽകിയത്. നിലമൊരുക്കുന്നതിന് ഹെക്ടർ ഒന്നിന് 2500 രുപ കിസാൻ ക്രഡിറ്റുകാർഡു വഴിയുള്ള സഹായങ്ങൾ വേറെ.
ഇക്കുറി തരിശുകിടക്കുന്ന കൂടുതൽ സ്ഥലത്തേക്കും കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ബാങ്ക്. പുതിയതായി കറുകപ്പാടം, ചൂണ്ടാം തുരുത്തി, തുളച്ചൽ, പാപ്പിനിക്കാട്, നെടുപുറം എന്നീ പാടശേഖരങ്ങളിലും കൃഷിയിറക്കുന്നുണ്ട്.. എല്ലാം ജൈവകൃഷി തന്നെ.

വിതച്ചാൽ പത്തരമാറ്റ് വിളവു തരുന്ന ഒടിയപ്പാടത്തെ പച്ചപ്പിൽ ഒരു ഗ്രാമത്തിന്റെ അതിജീവന പ്രതീക്ഷകളുമാണ് തെളിയുന്നത്. കർഷക കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും മുമ്പിൽ പ്രളയം തോറ്റുപോയ കഥയും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top