Top
22
Monday, January 2018
About UsE-Paper

വൈറ്റില മേല്‍പ്പാലം നിര്‍മാണം 25ന് തുടങ്ങും

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം 25ന് ആരംഭിക്കും. നിര്‍മാണത്തിന് ടെന്‍ഡര്‍ നേടിയ തിരുവനന്തപുരത്തെ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സുമായി പൊതുമരാമത്തുവകുപ്പ് 18ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഒന്നരവര്‍ഷംകൊണ്ട് പാലംനിര്‍മാണം പൂര്‍ത്തിയാകും. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഡിസംബര്‍ അവസാനത്തോടെയും ആരംഭിക്കും.

ദേശീയപാതയില്‍ വൈറ്റില റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തുനിന്നുതുടങ്ങി ജങ്ഷന്‍ കുറുകെ കടന്ന് ശിവസുബ്രഹ്മണ്യക്ഷേത്രത്തിനുസമീപം അവസാനിക്കുന്ന തരത്തിലാണ് മേല്‍പ്പാലത്തിന്റെ രൂപരേഖ. അപ്രോച്ച് റോഡ് അടക്കം മൊത്തം 700 മീറ്റര്‍ നീളംവരുന്ന മേല്‍പ്പാലത്തിന്റെ മധ്യത്തിലെ സ്പാനിന് 40 മീറ്ററാണ് ഉയരം. വയഡക്ട് ദൈര്‍ഘ്യം 440 മീറ്റര്‍. രണ്ടു വശത്തുമായി ആറുവരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27.2 മീറ്റര്‍. മേല്‍പ്പാലത്തിനു മൂകളിലൂടെ ആറുമീറ്റര്‍ ഉയരത്തില്‍ കൊച്ചി മെട്രോയുടെ പേട്ടയിലേക്കുള്ള ലൈന്‍ കടന്നുപോകും. മേല്‍പ്പാലത്തിനൊപ്പം മെട്രോ പാതയുടെ വൈറ്റില ജങ്ഷനു കുറുകെയുള്ള ഭാഗവും പൂര്‍ത്തീകരിക്കും.

പാലം നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്ന ട്രാഫിക് ഡൈവേര്‍ഷന്‍ പ്ളാനിന് രണ്ടുദിവസത്തിനകം അന്തിമരൂപമാകും. തെക്കുനിന്നുള്ള ഭാരവാഹനങ്ങള്‍ അരൂര്‍, തോപ്പുംപടി വഴിയും വടക്കുനിന്നുള്ളവ കളമശേരിയില്‍നിന്ന് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴിയും തിരിച്ചുവിടാനാണ് ആലോചിക്കുന്നത്. വൈറ്റില ജങ്ഷനില്‍ അപ്രോച്ച് റോഡുകളടക്കം ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി ഗതാഗതതടസ്സം പരമാവധി കുറയ്ക്കാനാണ് ആലോചന.

മേല്‍പ്പാലം നിര്‍മാണത്തിന് മുന്നോടിയായി തിങ്കളാഴ്ച കലക്ടറേറ്റില്‍ പൊതുമരാമത്തുവകുപ്പ്, കെഎംആര്‍എല്‍, ഡിഎംആര്‍സി, പൊലീസ് അധികൃതരുടെ യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലക്ടറുടെ നേതൃത്വത്തില്‍ രാത്രി വൈറ്റില ജങ്ഷന്‍ സന്ദര്‍ശിച്ചും സാഹചര്യം വിലയിരുത്തി.

Related News

കൂടുതൽ വാർത്തകൾ »