20 June Wednesday

നാട് എം ആര്‍ വിദ്യാധരന്റെ സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017



മുളന്തുരുത്തി > മയക്കുമരുന്നു മാഫിയയുടെ കൊലക്കത്തിക്കിരയായ അനശ്വര രക്തസാക്ഷി എം ആര്‍ വിദ്യാധരന് നാടിന്റെ സ്മരണാഞ്ജലി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രക്തസാക്ഷിത്വദിനം ആചരിച്ചു. കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് എത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയോടെയായിരുന്നു ജന്മനാട് സ്മരണപുതുക്കിയത്.

വിദ്യാധരന്റെ 14-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍നിന്ന് ആരംഭിച്ച റാലിയില്‍ തൊഴിലാളികളും സ്ത്രീകളും യുവാക്കളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്. റാലിക്കുശേഷം കൊച്ചുപള്ളിക്കു സമീപം ചേര്‍ന്ന അനുസ്മരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനംചെയ്തു. ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ പി കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി.

മുളന്തുരുത്തി ഏരിയയിലെ സിപിഐ എമ്മിന്റെ ചരിത്രം സംബന്ധിച്ച് ഏരിയതല ചരിത്രരചനാസമിതി തയ്യാറാക്കിയ ചരിത്രപുസ്തകം ജില്ലാ ചരിത്രരചനാസമിതി കണ്‍വീനര്‍ സി ബി ദേവദര്‍ശനന്‍ ഏരിയ സെക്രട്ടറി ടി സി ഷിബുവിനു നല്‍കി പ്രകാശനംചെയ്തു. അഡ്വ എം സ്വരാജ് എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍, സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി സി എന്‍ സുന്ദരന്‍, പി വി പ്രഭാകരന്‍, എം എല്‍ സുരേഷ്, ടി കെ പ്രസാദ്, ടി കെ ജയചന്ദ്രന്‍, അനീഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. 

സൌത്ത് പറവൂര്‍ കൊച്ചുപള്ളിക്കു സമീപത്തെ എം ആര്‍ വിദ്യാധരന്‍ രക്തസാക്ഷിമണ്ഡപത്തില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ്, സിപിഐ എം ഏരിയ കമ്മറ്റി അംഗം പി വി പ്രഭാകരന്‍ എന്നിവര്‍ പതാക ഉയര്‍ത്തി.

ഐഒസി ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ നടത്തിയ എം ആര്‍ വിദ്യാധരന്‍ അനുസ്മരണസമ്മേളനം എം സ്വരാജ് എംഎല്‍എ ഉദ്ഘാടനംചെയ്തു. ടി കെ പ്രസാദ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു, സിഐടിയു മേഖലാ സെക്രട്ടറി സി കെ റെജി, പി കെ സുബ്രഹ്മണ്യന്‍, എം എല്‍ സുരേഷ്, ടി കെ ജയചന്ദ്രന്‍, പി ഡി മനോഹരന്‍, സി എം ഗോപാലകൃഷ്ണന്‍, എ ബി ബിജു, കെ കെ ജോണി എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top