18 December Tuesday

എൽഡിഎഫ‌് സർക്കാരിന‌് നന്ദിയറിയിച്ച‌് റയോൺസ‌് തൊഴിലാ‌ളികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018


പെരുമ്പാവൂർ
 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ട്രാവൻകൂർ റയോൺസ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകി എൽഡിഎഫ് സർക്കാർ  തെരഞ്ഞെടുപ്പുവാഗ‌്ദാനം പാലിച്ചതിൽ തൊഴിലാളികൾ ഒന്നടങ്കം നന്ദി രേഖപ്പെടുത്തി.

2001 ജൂലൈയിലാണ‌് യുഡിഎഫ് സർക്കാർ പെരുമ്പാവൂരിന്റെ പെരുമയായിരുന്ന റയോൺസ് കമ്പനി അടച്ചുപൂട്ടിയത്.11 കെവി വൈദ്യുതലൈൻ വലിക്കാനായി ഒരാഴ്ച പ്രവർത്തനം നിർത്തിവയ്ക്കുന്നുവെന്ന് തൊഴിലാളികളെ പറഞ്ഞുപറ്റിച്ചാണ് മാനേജ്മെന്റും സർക്കാരും ചേർന്ന‌് കമ്പനി അടച്ചുപൂട്ടിച്ചത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെ മാനേജ‌്മെന്റിന‌്  രക്ഷപ്പെടാനുള്ള പഴുതുമായി ഇത‌്.

ആനുകൂല്യങ്ങൾക്കായി അന്നുമുതൽ നീണ്ട 17 വർഷത്തെ തൊഴിലാളികളുടെ  കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 
ഇടതുമുന്നണി സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് തൊഴിലാളികൾക്ക് ആനുകൂല്യം ലഭിച്ചതെന്ന‌് 40 കൊല്ലം കമ്പനിയിൽ സേവനമനുഷ‌്ഠിച്ച കോച്ചിലാൻ ദേവസി പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ തൊഴിലാളികൾ ട്രേഡ് യൂണിയൻ വ്യത്യാസമില്ലാതെ എൽഡിഎഫ് സർക്കാരിനും വ്യവസായമന്ത്രിക്കും നന്ദി അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top