27 April Friday

സിപിഐ എം ജില്ലാ സമ്മേളനം; ചരിത്ര ചിത്രപ്രദര്‍ശനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

# സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി എറണാകുളം പപ്പന്‍ചേട്ടന്‍ സ്മാരകഹാളില്‍ സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദര്‍ശനം ഉദ്ഘാടനംചെയ്ത കെ എന്‍ രവീന്ദ്രനാഥ് ചിത്രങ്ങള്‍ കാണുന്നു

കൊച്ചി > സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും ആദ്യകാല നേതാക്കളുടെ പ്രവര്‍ത്തനവും രക്തസാക്ഷികളുടെ ജീവസ്സുറ്റ സ്മരണകളും ഓര്‍മിപ്പിക്കുന്ന ചരിത്ര ചിത്രപ്രദര്‍ശനം ആരംഭിച്ചു. സി വി ഔസേപ്പ് നഗറില്‍ (എറണാകുളം പപ്പന്‍ചേട്ടന്‍ സ്മാരക ഹാള്‍) ഒരുക്കിയ പ്രദര്‍ശനത്തില്‍ 125 ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനം 18 വരെ തുടരും.

പ്രദര്‍ശനം സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവ് കെ എന്‍  രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ആഗോളവല്‍കരണ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി രാജ്യങ്ങളുടെയും സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളുടെയും ചരിത്രം തിരുത്തിയെഴുതുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിവര്‍ഗത്തിന്റെയും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചരിത്രവും രേഖപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍ സി എന്‍ മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി രാജീവ് സംസാരിച്ചു. സി ബി ദേവദര്‍ശനന്‍ സ്വാഗതവും പി ബി രതീഷ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ ജേക്കബ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, ഏരിയ സെക്രട്ടറിമാരായ പി എന്‍ സീനുലാല്‍, വി എ സക്കീര്‍ ഹുസൈന്‍, കെ എം റിയാദ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍, പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ്, കേന്ദ്രകമ്മിറ്റി അംഗം എസ് സതീഷ്, പ്രൊഫ. രമാകാന്തന്‍ എന്നിര്‍ പങ്കെടുത്തു.

തുടര്‍ന്ന് കവിയരങ്ങും കൈകൊട്ടിക്കളിയും അരങ്ങേറി. ബാബുരാജ് വൈറ്റില, തെന്നല്‍, കെ വി അനില്‍കുമാര്‍, രവിതാ ഹരിദാസ്, കുമാര്‍ കെ മുടവൂര്‍, കുസുംഷ ലാല്‍, ശ്രീദേവി കെ ലാല്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ടി കെ ഷൈലയുടെ നേതൃത്വത്തില്‍ വല്ലാര്‍പാടത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കൈകൊട്ടിക്കളിയും ശ്രദ്ധേയമായി.

പ്രധാന വാർത്തകൾ
Top