21 September Friday
ഉദയംപേരൂർ പഞ്ചായത്ത്

ആംബുലൻസ് വാടകയിൽ വൻക്രമക്കേട്; ഒത്തുതീർക്കാൻ ഭരണകക്ഷി നീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018



ഉദയംപേരൂർ
ക്യാൻസർ രോഗിയിൽനിന്ന് അമിതവാടക വാങ്ങിയതായി പരാതി ഉയർന്ന ആംബുലൻസ് ഡ്രൈവർ, ആംബുലൻസ് വാടക പഞ്ചായത്തിൽ നൽകുന്നതിലും വൻക്രമക്കേട്  നടത്തിയതായി കണ്ടെത്തി. അമിതവാടക ഈടാക്കിയതായി പരാതി ഉയർന്നതിനെത്തുടർന്ന് ഉദയംപേരൂർ പഞ്ചായത്ത് അധികൃതർ ആംബുലൻസ് സർവീസിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് പഞ്ചായത്തിന് നൽകേണ്ട  വാടകയിലും ഡ്രൈവർ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്. 2016 ഒക്ടോബർ മുതൽ സർവീസ് നടത്തുന്ന ആംബുലൻസിന്റ വാടക ആദ്യ നാലുമാസം മാത്രമാണ് പഞ്ചായത്തിൽ കൃത്യമായി അടച്ചിട്ടുള്ളു. ഓരോ ദിവസത്തെയും വാടക തൊട്ടടുത്ത പ്രവൃത്തിദിവസം ഓഫീസിൽ അടയ‌്ക്കണമെന്നാണ് ചട്ടം. എന്നാൽ മിക്കവാറും സന്ദർഭങ്ങളിൽ 10 മുതൽ 15 ദിവസങ്ങൾക്കുശേഷമാണ് ഡ്രൈവർ ആംബുലൻസ് വാടക പഞ്ചായത്ത് ഓഫിസിൽ അടച്ചിരുന്നത്.

ആംബുലൻസ് വാടകയുടെ രസീത് യാത്രക്കാർക്ക് ഇയാൾ ക്യത്യമായി നൽകാറില്ലെന്നും ആക്ഷേപമുണ്ട‌്. വാഹനത്തിൽ സൂക്ഷിക്കേണ്ട ലോഗ്ബുക്ക്, യാത്രക്കാർക്ക് നൽകേണ്ട രസീത് എന്നിവ ക്യത്യമായി സൂക്ഷിക്കാത്തതിനാൽ എത്രരൂപയുടെ ക്രമക്കേട് നടത്തിയെന്ന‌് കണ്ടെത്താൻ വിശദപരിശോധന വേണ്ടിവരും. ഭരണകക്ഷിയായ കോൺഗ്രസിലെ ചില പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണയോടെ ആംബുലൻസ് ഡ്രൈവർ നടത്തിയ തട്ടിപ്പ് നാമമാത്രമായ തുക വാങ്ങി ഒത്തുതീർക്കാൻ അധികൃതർ നീക്കം നടത്തുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉദയംപേരൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഓട്ടം വിളിച്ചാൽ സൗത്ത് പറവൂരിൽനിന്നുള്ള ചാർജാണ് പലപ്പോഴും ഈടാക്കിയിരുന്നത്. ആംബുലൻസ് ഡ്രൈവർ സൗത്ത് പറവൂരിലെ തന്റെ വീട്ടിൽ ആംബുലൻസ് സൂക്ഷിക്കുന്നതിനാലാണ് രോഗികൾ ഈ അമിത തുക നൽകേണ്ടി വന്നിരുന്നത്. പഞ്ചായത്ത് ഓഫീസിൽ സൂക്ഷിക്കേണ്ട വാഹനം നിയമവിരുദ്ധമായി ഡ്രൈവർ വീട്ടിൽ കൊണ്ടുപോകുന്നത് ‘ദേശാഭിമാനി’ റിപ്പോർട്ട‌് നൽകിയിരുന്നു. 

കഴിഞ്ഞ കുറേ മാസങ്ങളായി ആംബുലൻസിന്റ വാടക പഞ്ചായത്തിന് കിട്ടാതായതോടെ കഴിഞ്ഞ ധനകാര്യ സ്ഥിരംസമിതിയിൽ ഇത് സംബന്ധിച്ച ചർച്ച നടന്നിരുന്നു. എല്ലാ ആഴ്ചയും ആംബുലൻസിന് ഡീസൽ വാങ്ങുന്നതിന് പണം നൽകുന്ന പഞ്ചായത്ത് അധികൃതർ വാടക ലഭിക്കാത്തത്    പരിശോധിക്കാതിരുന്നതാണ് ക്രമക്കേട് തുടരാൻ കാരണം.

ലിസി ആശുപത്രിയിലേക്ക് പോയ ക്യാൻസർ രോഗിയായ തോമസ് ചെമ്പിശ്ശേരിയിൽനിന്ന് 1500 രൂപ ആംബുലൻസ് വാടക വാങ്ങിയ സംഭവത്തിൽ തോമസിന്റെ മകൾ ടിൻസി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ആഴ‌്ചയായിരുന്നു സംഭവം.  പഞ്ചായത്ത് പ്രസിഡന്റ‌് പരാതിക്കാരുടെ വീട്ടിലെത്തി പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും തോമസിനെ ഭീഷണിപ്പെടുത്തുകയുമാണ്  ഉണ്ടായത്. ഇത് സംബന്ധിച്ച് ടിൻസി ഉദയംപേരൂർ പോലീസിൽ പരാതി നൽകി. ആദ്യഘട്ടത്തിൽ ഡ്രൈവറെ സംരക്ഷിക്കുന്നതിന്ന് ശ്രമിച്ച പഞ്ചായത്ത് അധികൃതർ സംഭവം വിവാദമായതോടെ അന്വേഷണത്തിന് തയ്യാറാകുകയായിരുന്നു. ഇതോടെയാണ‌് വലിയ ക്രമക്കേട് പുറത്തായത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top