Top
18
Wednesday, October 2017
About UsE-Paper

വൈപ്പിന്‍ ഗവ. കോളേജില്‍ പ്രവേശനം ആരംഭിച്ചു

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

വൈപ്പിന്‍ > വൈപ്പിന്‍ ഗവ. ആര്‍ട്സ് ആന്‍ഡ്് സയന്‍സ് കോളേജിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനനടപടികള്‍ക്ക് തുടക്കമായി. കോളേജിനും കോഴ്സുകള്‍ക്കും മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചു. കോളേജ് 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

ബിഎ (കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്), ബിഎസ്സി (മാത്തമാറ്റിക്സ്), ബികോം (ടാക്സേഷന്‍) എന്നിവയാണ് അംഗീകാരം ലഭിച്ച കോഴ്സുകള്‍. ബിഎയ്ക്കും ബിഎസ്സിക്കും 30 സീറ്റ് വീതവും ബികോമിന് 40 സീറ്റുമാണ് ഈ വര്‍ഷമുള്ളത്. പ്രവേശനത്തിനായി അപേക്ഷാഫോം വിതരണം ആരംഭിച്ചതായി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. കെ ജയകുമാര്‍ അറിയിച്ചു.

ഇതിനായി എളങ്കുന്നപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓഫീസ് തുറന്നിട്ടുണ്ട്. 13, 14, 15, 16 തീയതികളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. എസ്എസ്എല്‍സി, പ്ളസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. സംവരണത്തിന് അര്‍ഹതയുള്ളവരും എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ ഗ്രേഡ് മാര്‍ക്കിന് അര്‍ഹരായവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.

ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമുള്ള ഗവ. ന്യൂ എല്‍പി സ്കൂള്‍ കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നത്. കെട്ടിടത്തിന്റെ നവീകരണം പുരോഗമിക്കുന്നു. ആവശ്യമായ ഫര്‍ണീച്ചര്‍, മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍, കംപ്യൂട്ടര്‍ എന്നിവയും ഒരുക്കും. സ്കൂളിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ കെട്ടിടത്തിലേക്കുമാറ്റും. കോളേജിന് കെട്ടിടം നിര്‍മിക്കാനുള്ള പ്രാരംഭനടപടികളും ആരംഭിച്ചു.

വൈപ്പിന്‍നിവാസികളുടെ ചിരകാരലാഭിലാഷമായ സര്‍ക്കാര്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ദ്വീപില്‍ സര്‍ക്കാര്‍ കോളേജില്ലെന്ന കുറവ് നികത്തപ്പെടുകയാണ്. വൈപ്പിന്‍ ജനതയ്ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓണസമ്മാനമാണ് കോളേജ്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!