Top
16
Saturday, December 2017
About UsE-Paper

സഹ. ബാങ്കിങ് മേഖലയില്‍ സൌജന്യ സേവനങ്ങളുമായി ജില്ലാ ബാങ്ക്

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ജില്ലയിലെ സഹകരണ ബാങ്കിങ് മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും ഇടപാടുകാര്‍ക്കും പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന എല്ലാ ബാങ്കിങ് സേവനങ്ങളും സൌജന്യമായി ലഭ്യമാക്കാനുള്ള സൌകര്യങ്ങള്‍ക്ക് എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടക്കമിട്ടു. പ്രാഥമിക സഹകരണസംഘങ്ങളിലെ ഇടപാടുകാര്‍ക്ക് സംഘങ്ങള്‍വഴി ബാങ്കിങ് സേവനങ്ങള്‍ സൌജന്യമായി ലഭ്യമാക്കാനുള്ള എസ്ബി മിറര്‍ അക്കൌണ്ട് സംവിധാനം,  കര്‍ഷകര്‍ക്കുളള കിസാന്‍ ക്രെഡിറ്റ് വായ്പ റുപേ, കെസിസി എടിഎം കാര്‍ഡുകള്‍വഴി നല്‍കുന്നതിന് ബാങ്ക് വികസിപ്പിച്ച ഓണ്‍ലൈന്‍ സംവിധാനം, പ്രാഥമിക ബാങ്കുകള്‍വഴി കുറഞ്ഞ പലിശയ്ക്ക് ഭവനനിര്‍മാണവായ്പയ്ക്കുള്ള ഗ്രാമസമൃദ്ധി വായ്പാ പദ്ധതി എന്നിവയാണ് ഇതില്‍ പ്രാധാനപ്പെട്ടത്.

പ്രാഥമിക സംഘങ്ങള്‍ക്ക് നേരിട്ട് പണം അയക്കുവാന്‍ സാധിക്കുന്ന ആര്‍ടിജിഎസ്-എന്‍ഇഎഫ്ടി സംവിധാനം, ബാങ്കിന്റെ ഇടാപടുകാര്‍ക്കും പ്രാഥമിക സഹകരണസംഘങ്ങള്‍വഴി അംഗ സംഘങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ സൌജന്യമായി നല്‍കുന്ന 'ചാര്‍ജ്ലെസ് ബാങ്കിങ്', ഏതു ശാഖവഴിയും ഇടപാടുകളും നടത്താവുന്ന എനിവേര്‍ ബാങ്കിങ്, നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന മൈക്രോ എടിഎം, ഡിജിറ്റല്‍ മണി പ്രോത്സാഹിപ്പിക്കുന്നതിനുള്ള എംപിഒഎസ് മെഷീനുകളുടെ വിതരണം എന്നിവയും പുതിയ പദ്ധതികളാണ്.  ഔദ്യോഗിക ഫേസ്ബുക്ക് പേജ്, പുതുക്കിയ വെബ്സൈറ്റ്, ഇടപാടുകാര്‍ക്കും ഏത് എടിഎമ്മുകളില്‍നിന്നും സൌജന്യമായി പണം പിന്‍വലിക്കാവുന്ന സംവിധാനം, നബാര്‍ഡ് ധനസഹായത്തോടെ അംഗ സംഘങ്ങള്‍വഴി ഉല്‍പാദിപ്പിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുളള ഓണവിപണി എന്നിങ്ങനെ വൈവിധ്യങ്ങളായ ബാങ്കിങ് സേവനങ്ങളും ഉദാരവ്യവസ്ഥകളോടെ പുതുതായി ആരംഭിക്കുന്ന കനകശ്രീ, എക്സ്പ്രസ് ലോണ്‍, ഓകേ ലോണ്‍ എന്നീ വായ്പാപദ്ധതികള്‍ക്കും തുടക്കമായി.

പദ്ധതികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സഹകരണവകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറി പി വേണുഗോപാല്‍ അധ്യക്ഷനായി. ജില്ലാ ബാങ്കിന്റെ  കോര്‍ബാങ്കിങ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കോര്‍ ബാങ്കിങ് രംഗത്ത് ആധുനിക സോഫ്റ്റ്വെയറാണ് ബാങ്ക് ഉപയോഗിക്കുന്നത്.  ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ എം എസ് ലൈല, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ബി ഓമനക്കുട്ടന്‍, സഹകരണസംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍ സുന്ദര്‍, കേരള ബാങ്ക് ടാസ്ക്ഫോഴ്സ് ചെയര്‍മാന്‍ വി ആര്‍ രവീന്ദ്രനാഥ്, അഡീഷണല്‍ രജിസ്ട്രാര്‍ ഇ ആര്‍ രാധാമണി, ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജര്‍ അശോക്കുമാര്‍ നായര്‍, ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ആര്‍ മീന എന്നിവര്‍ പങ്കെടുത്തു.