18 August Saturday

സബ‌് ജഡ‌്ജി കുത്തിയിരുന്നു; മാർക്കറ്റിലെ മാലിന്യം കോർപറേഷൻ നീക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ എം ബഷീറിന്റെ സാന്നിധ്യത്തിൽ എറണാകുളം മാർക്കറ്റിൽ നിന്ന് മാലിന്യം നീക്കുന്നു

കൊച്ചി> എറണാകുളം മാർക്കറ്റിൽനിന്ന‌് മാലിന്യം നീക്കാത്ത കോർപറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച‌് സബ് ജഡ്ജി മാലിന്യക്കൂമ്പാരത്തിനിടയിൽ കുത്തിയിരിന്ന് പ്രതിഷേധിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും കേരള  ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ എ എം ബഷീറാണ്  മണിക്കൂറുകളോളം മാർക്കറ്റിൽ കുത്തിയിരുന്നത്. സബ‌് ജഡ്ജിയുടെ പ്രതിഷേധം വാർത്തയായതോടെ കോർപറേഷൻ മാലിന്യം നീക്കി. മുഴുവൻ മാലിന്യവും വാഹനത്തിൽ കയറ്റിയതിന് ശേഷമാണ് എ എം ബഷീർ പ്രതിഷേധം അവസാനിപ്പിച്ചത്.

ചൊവ്വാഴ‌്ച പകൽ പന്ത്രണ്ടോടെയാണ‌്  പ്രതിഷേധം ആരംഭിച്ചത‌്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾ സംബന്ധിച്ച  പരാതി പരിശോധിക്കാനാണ് അദ്ദേഹം മാർക്കറ്റിൽ എത്തിയത്.  ഇവിടെ ദിവസങ്ങളായി മാലിന്യം നീക്കുന്നില്ലെന്ന‌് കച്ചവടക്കാർ അദ്ദേഹത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് ലീഗൽ സർവീസ് അതോറിറ്റിക്കും മുമ്പ‌് പരാതി ലഭിച്ചിരുന്നു.  അസഹ്യമായ ദുർഗന്ധമായിരുന്നു പ്രദേശത്ത്. ഇതോടെ മാലിന്യനീക്കം പുനരാരംഭിക്കാതെ തിരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച സബ‌്ജഡ‌്ജ‌ി സമീപത്തെ കടയിൽനിന്ന് കസേരയെടുപ്പിച്ച് മാലിന്യക്കൂമ്പരത്തിന് സമീപത്ത് നിലയുറപ്പിച്ചു.  മാലിന്യങ്ങൾ പൂർണമായും മാർക്കറ്റിന് പുറതെത്തിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന‌് അറിയിച്ചു. സംഭവം  വാർത്തയായതോടെ കോർപറേഷൻ അടിയന്തരമായി മാലിന്യം നീക്കാൻ തുടങ്ങി. മാലിന്യവുമായി അവസാന ലോറിയും മാർക്കറ്റിന് പുറത്തേക്ക് പോയശേഷമാണ‌്  പ്രതിഷേധം അവസാനിപ്പിച്ചത്. മാർക്കറ്റിനുള്ളിലെ മാലിന്യനീക്കം നിരീക്ഷിക്കാൻ കച്ചടക്കാരെയും അഭിഭാഷകരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്ന‌് അദ്ദേഹം പറഞ്ഞു. ആഴ്ച്ചയിലൊരിക്കൽ ഈ കമ്മിറ്റി യോഗം ചേർന്ന് മാലിന്യനീക്കം  വിലയിരുത്തും.

ജഡ്ജിയുടെ പ്രതിഷേധത്തിനിടെ മാലിന്യവുമായി പുറത്തുനിന്നെത്തിയ ഒരുവാഹനം മാർക്കറ്റിലെ വ്യാപാരികൾ കൈയോടെ പിടികൂടി. ഇയാൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന ജഡ്ജിയുടെ നിർദേശത്തെ തുടർന്ന് സെൻട്രൽ പൊലീസെത്തി വാഹന ഉടമയെ അറസ്റ്റ് ചെയ്തു. മറ്റു പലയിടങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം  ഉൾപ്പെടെ ദിവസവും മാർക്കറ്റിൽ  കൊണ്ടിടുന്നതായി വ്യാപാരികൾ ആരോപിച്ചു. രാത്രിയാണ‌്  മാർക്കറ്റിൽ മാലിന്യം  തള്ളുന്നത്.  ഫ‌്ളാറ്റ‌് സമുച്ചയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ പലയിടത്തുനിന്നുള്ള മാലിന്യങ്ങൾ തള്ളാൻ മാർക്കറ്റ് പരിസരമാണ് ഉപയോഗിക്കുന്നത്.

ഇതിനെതിരെ നിരവധിതവണ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു.  ദിവസവും ഇരുപതോളം ലോഡ് മാലിന്യമാണ് മാർക്കറ്റിൽ നിക്ഷേപിക്കുന്നത്. ഇതിൽ  ആറു ലോഡ് മാത്രമാണ് പച്ചക്കറി മാലിന്യങ്ങൾ. ബാക്കിയുള്ളവ പുറത്ത് നിന്നുള്ളതാണ്. കോർപറേഷൻ ജീവനക്കാർ  രണ്ടോ മൂന്നോ ലോഡ് മാത്രമാണ് എടുക്കുന്നത്. ബാക്കിയുള്ളവ അവിടെ ശേഷിക്കുന്നതിനാൽ അസഹനീയമായ ദുർഗന്ധവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമാണ് സൃഷ്ടിക്കുന്നത‌്. മാർക്കറ്റിലെ കടകളിൽ പലതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കോർപറേഷന്റെയും ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top