19 July Thursday

ജിസിഡിഎ മുന്‍ഭരണസമിതി വന്‍ക്രമക്കേട് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017

രാജേന്ദ്രമൈതാനിത്ത് പ്രവര്‍ത്തനരഹിതമായ ലേസര്‍ഷോ സംവിധാനം (ഫയല്‍ചിത്രം)


കൊച്ചി > ജിസിഡിഎ മുന്‍ഭരണസമിതി കടമുറികളുടെ വാടക, മുണ്ടംവേലി ഫിഷ്ഫാം, ലേസര്‍ ഷോ, വക്കീല്‍ഫീസ്, കുടിവെള്ളവിതരണം എന്നിവയില്‍ അഴിമതിയും ചട്ടലംഘനവും നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2016-17 പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് മുന്‍ഭരണസമിതിയുടെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. അന്താരാഷ്ട്രപ്രശസ്തിനേടിയ ജവഹര്‍ലാല്‍ നെഹ്റു അന്തരാഷ്ട്ര സ്റ്റേഡിയത്തിന് മുന്‍വശമുള്ള ഭൂമി സെന്റ് ആല്‍ബര്‍ട്സ് കോളേജ് അനധികൃതമായി കൈയേറിയിട്ടും ഒഴിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാലിന്റെ കാലത്ത് മാതാനഗറില്‍ സ്വകാര്യഭൂമിയിലേക്ക് റോഡിന് വീതികൂട്ടാന്‍ ജിസിഡിഎ ഭൂമി ഏറ്റെടുത്തു നല്‍കിയത് അഴിമതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജിസിഡിഎയുടെ നെഹ്റു സ്റ്റേഡിയം, മറൈന്‍ ഡ്രൈവ് ഷോപ്പിങ് കോംപ്ളക്സ്, അംബേദ്കര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലെ കടമുറികളുടെ വാടക കുടിശിക മാത്രം അഞ്ചുകോടി രൂപയില്‍ കൂടുതലുണ്ട്. ഇത് ഈടാക്കാന്‍ നടപടി സ്വീകരിച്ചില്ല. കരാര്‍ വ്യവസ്ഥ പുതിക്കിയില്ല. അനധികൃതമായി കൈയേറാന്‍ അവസരമൊരുക്കി. ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നതിനുപകരം തുച്ഛമായ വാടക നിശ്ചയിച്ച് തുടരാന്‍ അനുമതി നല്‍കി. വാടകകുടിശിക ജിസിഎഡയില്‍ അടച്ചസെക്യൂരിറ്റി തുകയേക്കാള്‍ അധികരിച്ചിട്ടും അത് ഈടാക്കാന്‍ നടപടിയെടുത്തില്ല. ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ സ്ഥലം തുച്ഛമായ വാടകയ്ക്ക് ടെന്‍ഡര്‍പോലും നല്‍കാതെ അനുവദിച്ചു. ഇതിലൂടെ കോടികളുടെ നഷ്ടമാണ് ജിസിഡിഎയ്ക്ക് ഉണ്ടായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മറവിലും ഭൂമി വില്‍പ്പന നടത്തി.

പാരിസ്ഥിതക അനുമതിയോ സാധ്യത പഠനമോ ഇല്ലാതെയാണ് മുണ്ടംവേലി ഫിഷ്ഫാം പദ്ധതി തുടങ്ങിയത്. ബജറ്റിലും പദ്ധതി പ്രഖ്യാപിച്ചിരുന്നില്ല. ആറുകോടി രൂപയാണ് ഇപ്രകാരം ചെലവഴിച്ചത്. സാങ്കേതിക ഉപകരണങ്ങള്‍, മത്സ്യങ്ങള്‍ക്കുള്ള തീറ്റ എന്നിവ വാങ്ങിയതിലും വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിസിഡിഎയുടെ പൊതുമരാമത്ത് വിഭാഗത്തിലും വന്‍ക്രമക്കേടാണ് നടന്നത്. പൊതുമരാമത്ത് പണികളില്‍ കാര്യക്ഷമതയില്ല. കൃത്യമായ മേല്‍നോട്ടവും ഇല്ല. ഇതുമൂലം ജോലികള്‍ക്ക് കാലതാമസം ഉണ്ടായി. അധികജോലി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇവമൂലം അധികബാധ്യതയും നഷ്ടവും ഉണ്ടായി. കലൂര്‍-കടവന്ത്ര റോഡിന്റെ പുനരുദ്ധാരപണിക്ക് എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടിയ നിരക്കിന് കരാര്‍ നല്‍കി. സമയത്ത് പണി തീര്‍ക്കാതിരുന്നിട്ടും പിഴ ഈടാക്കയില്ല. പകരം മുന്‍ സെക്രട്ടറി സമയം നീട്ടി നല്‍കി.

ലേസര്‍ ഷോ പദ്ധതിയിലാണ് മറ്റൊരു അഴിമതി. 70 ശതമാനം ബാങ്ക് ലോണ്‍ തരപ്പെടുത്തി പദ്ധതി ആരംഭിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, മുഴുവന്‍ തുകയും ജിസിഡിഎ നല്‍കി. ഒരുരൂപ പോലും അധികവരുമാനവും ലഭിച്ചിട്ടില്ല. കമ്പിനയാകട്ടെ ഇതിന്റെ സാങ്കേതികവിദ്യ ജിസിഡിഎയക്ക് കൈമാറിയില്ല. മുന്‍ ചെയമര്‍മാന്റെ സമയത്ത് ഗസ്റ്റ്ഹൌസിലേക്ക് വാങ്ങിയ എസിയും ഫര്‍ണിച്ചറുമടക്കമുള്ള സാധനങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സര്‍ക്കാരിന്റെ അനുമതിയില്ലാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചും പലര്‍ക്കും സ്ഥാനകയറ്റവും സാമ്പത്തിക ആനുകൂല്യവും നല്‍കി. ഇത് ജിസിഡിഎയ്ക്ക് സാമ്പത്തികബാധ്യതയും തെറ്റായ കീഴ്വഴക്കവും ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കുടിവെള്ളത്തിന്റെ വിതരണകരാറും ടെന്‍ഡറില്ലാതെയാണ്  നല്‍കിയത്. ഈ വ്യക്തിക്ക് കുടിവെള്ളവിതരണത്തില്‍ മുന്‍പരിചയവുമുണ്ടായിരുന്നില്ല. മണപ്പാട്ടി പറമ്പിലെ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ പലപ്പോഴായി പുതുക്കി നല്‍കി. മറൈന്‍ ഡ്രൈവിലെ പാര്‍ക്കിങ് ഫീസ് കരാറുകാരന് പൊതുമരാമത്ത് പണികളും അനധികൃതമായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top