Top
16
Saturday, December 2017
About UsE-Paper

'ഭയപ്പെടേണ്ട ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ആലങ്ങാട് > "ഭയപ്പെടേണ്ട ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ദ്രോഹിക്കാനല്ല, ഒപ്പത്തിനൊപ്പം പഠിച്ചുവളരാനും നേട്ടങ്ങളില്‍ പങ്കാളികളാകാനുമാണ് നിങ്ങളെ ക്ഷണിക്കുന്നത്'' ഇതരസംസ്ഥാന വിദ്യാര്‍ഥികളോട് ജില്ലാ ഭരണകൂടത്തിന്റെ വാക്കുകളാണിത്. വ്യാജപ്രചാരണങ്ങളില്‍ ഭയന്ന് ജില്ലയിലെ ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് തടയുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടുള്ള 'രോഷ്നി' പദ്ധതിക്കുള്ള വിശദീകരണമാണിത്. രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും  ഈ സന്ദേശമെത്തിച്ച് അവരെ മുഖ്യധാരയുടെ ഭാഗമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. 

ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ ഏറെയുള്ള കണ്ടന്തറ ഗവ. യുപി സ്കൂള്‍, ബിനാനിപുരം ഗവ. ഹൈസ്കൂള്‍, പൊന്നുരുന്നി ഗവ. എല്‍പി സ്കൂള്‍, തൃക്കാണാര്‍വട്ടം യൂണിയന്‍ എല്‍പി സ്കൂള്‍ എന്നിവയെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. രാവിലെ 8.30 മുതല്‍ 10 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും പ്രഭാതഭക്ഷണവും നല്‍കും. ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിച്ച് പഠനം എളുപ്പമാക്കാന്‍ ആവശ്യമായ ഇടപെടലും നടത്തും. സര്‍വശിക്ഷാ അഭിയാനും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. എസ്എസ്എയുടെ ബഹുഭാഷാ പ്രാവീണ്യമുള്ള വളന്റിയര്‍മാരെ വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി നിയോഗിക്കും. ഇതുകൂടാതെ ജില്ലയിലെ 18 സ്കൂളുകളില്‍ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ക്കു പഠനപിന്തുണ നല്‍കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസദൌത്യത്തില്‍ നിയോഗിക്കാനുള്ള വളന്റിയര്‍മാരുടെ ത്രിദിന ജില്ലാതല പരിശീലനം ആലുവ ബിആര്‍സിയില്‍ ആരംഭിച്ചിട്ടുണ്ട്. അസി. കലക്ടര്‍ ഈശ പ്രിയയാണ് പരിശീലനം ഉദ്ഘാടനംചെയ്തത്. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്, ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ധന്യ പി വാസു, കെ ജയശ്രീ, പിഎം മുഹമ്മദ് സിയ, കെ എന്‍ സുനില്‍കുമാര്‍, പി ബി രതീഷ്, ആര്‍ എസ് സോണിയ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.