18 November Sunday

ഹൃദയജ്വാലയായി അഭിമന്യു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


കൊച്ചി
ധീരരക്തസാക്ഷി അഭിമന്യുവിന്റെ ഹൃദയരക്തം വീണ‌് ചുവന്ന ആ വഴിത്താരയിൽനിന്ന‌് അവർ ഹൃദയജ്വാല തെളിച്ചു. അഭിമന്യു മരിക്കുന്നില്ല, ഉയിർത്തെഴുന്നേൽക്കുന്നു ഞങ്ങളിലൂടെ. നൂറുകണക്കിന‌് കണ‌്ഠങ്ങളിൽനിന്ന‌് മുദ്രാവാക്യങ്ങളുമുയർന്നു. മതവെറിപൂണ്ട എസ‌്ഡിപിഐ‐ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ അരുംകൊല ചെയ‌്ത പ്രിയസഖാവിന്റെ സ‌്മരണകളിരമ്പിയ സായാഹ്നത്തിൽ ഡിവൈഎഫ‌്ഐയുടെ 2247 യൂണിറ്റുകളിലാണ‌് ഹൃദയജ്വല തെളിച്ചത‌്.

മതാന്ധതയ‌്ക്കും വർഗീയതയ‌്ക്കും എതിരെയുള്ള കൂട്ടായ‌്മയിൽ ആയിരങ്ങൾ അണിചേർന്നു. ഹൃദയജ്വാലയുടെ ജില്ലാതല ഉദ‌്ഘാടനം അഭിമന്യു അവസാനമായി  ‘വർഗീയത തുലയട്ടെ’ എന്നെഴുതിയ മഹാരാജാസിന്റെ മതിലിനുമുന്നിൽ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഖദിജ റഷ്ബത്ത് അധ്യക്ഷയായി. സോളമൻ സിജു,  സി ടി വർഗീസ്, പി ജെ പോൾസൺ, മുഹമ്മദ് ഫിറോസ്, എസ‌്എഫ‌്ഐ ജില്ലാ വൈസ് പ്രസിഡന്റ് സി എസ‌് അമൽ, ഏരിയ സെക്രട്ടറി ആർഷോ എന്നിവർ നേതൃത്വം നൽകി.
അഭിമന്യുവിന്റെ ചിത്രങ്ങൾക്കു മുന്നിലാണ് ജില്ലയിലെ എല്ലാ യൂണിറ്റിലും ഹൃദയജ്വാലകൾ തെളിച്ചത്.  വൈറ്റിലയിൽ കെ വി അനിൽകുമാർ, ആർ രതീഷ്, കെ എച്ച‌് മസൂദ് എന്നിവർ നേതൃത്വം നൽകി. വൈപ്പിനിൽ എ പി  പ്രിനിൽ, ലെറ്റീഷ ഫ്രാൻസിസ്, പി ഡി ലൈജു എന്നിവരും തൃപ്പുണിത്തുറയിൽ സംസ്ഥാനകമ്മിറ്റി അംഗം പി ബി രതീഷ്, അഖിൽദാസ് എന്നിവരും നേതൃത്വം നൽകി.

പ്രധാന വാർത്തകൾ
Top