Top
28
Friday, July 2017
About UsE-Paper

സൈന്‍ബോര്‍ഡ് അഴിമതി : കുടുങ്ങുന്നത് മേയറും മുന്‍ മേയറും

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സൈന്‍ബോര്‍ഡ് വിഷയത്തില്‍ മേയര്‍ സൌമിനി ജെയിന്‍ വിജിലന്‍സിന് നല്‍കിയ കത്ത് തിരിഞ്ഞുകൊത്തുമെന്ന് നഗരസഭാവൃത്തങ്ങള്‍ പറയുന്നു. യഥാര്‍ഥ അന്വേഷണം നടന്നാല്‍ പ്രതിസ്ഥാനത്താകുക മുന്‍മേയര്‍ ടോണി ചമ്മണിയും മേയര്‍ സൌമിനി ജെയിനും ഒന്നോ രണ്ടോ ഉദ്യോഗസ്ഥരും മാത്രമായിരിക്കും. ഫയല്‍പ്രകാരം ഷൈനിമാത്യുവിനെ പ്രതിയാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇക്കൂട്ടര്‍ പറയുന്നു. അതേസമയം, മുംബൈയിലെ മറ്റൊരു കമ്പനിക്ക് സൈന്‍ബോര്‍ഡ് കരാര്‍ നല്‍കാനുള്ള ഗൂഢലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് ഭരണകക്ഷി കൌണ്‍സിലര്‍മാര്‍തന്നെ പറയുന്നു.

മുന്‍ കൌണ്‍സിലില്‍ ടോണി ചമ്മണി മേയറായിരിക്കെയാണ് കളമശേരി ഔട്ട്ലുക്ക് കമ്യൂണിക്കേഷന്‍ എന്ന കമ്പനിക്ക് സൈന്‍ബോര്‍ഡ് വയ്ക്കാന്‍ കരാര്‍ നല്‍കിയത്. ഈ ടെന്‍ഡറിലെ നിബന്ധനയില്‍ നടത്തിപ്പുകാലാവധി ഒരുവര്‍ഷമായിരുന്നു. രണ്ടു പ്രാവശ്യം ടെന്‍ഡര്‍ നടത്തിയെങ്കിലും ഈ കമ്പനിമാത്രമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൌണ്‍സിലിന്റെ അജന്‍ഡയില്‍പ്പോലും ഉള്‍പ്പെടുത്താതെയാണ് ടെന്‍ഡറിന് അനുമതി നല്‍കിയത്. നിബന്ധനയില്‍ നടത്തിപ്പുകാലാവധി ഒരുവര്‍ഷമെന്നത് കരാറില്‍ മൂന്നു മാസമായി ചുരുക്കി. വഴിവിട്ടുനടത്തിയ ഇക്കാര്യങ്ങളെല്ലാംതന്നെ വിജിലന്‍സിന്റെ അന്വേഷണത്തില്‍ വെളിച്ചത്താകും. മുന്‍ മേയറുടെ ഇറ്റലി സന്ദര്‍ശനവേളയില്‍ കരാറുകാരനുമായി ചില ഇടപാടുകള്‍ നടന്നിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇതും വിജിലന്‍സിന് അന്വേഷിക്കേണ്ടിവരും. 

അതിനുശേഷം ഈ കരാറുകാരനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ മേയര്‍ അസാധാരണമായ തിടുക്കം കാട്ടിയതായും ആരോപണമുണ്ട്. കൌണ്‍സിലില്‍ കരാര്‍ റദ്ദുചെയ്യണമെന്ന് മേയര്‍തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, നഗരാസൂത്രണ സമിതി തീരുമാനിക്കട്ടെയെന്നായിരുന്നു കൌണ്‍സിലിന്റെ തീരുമാനം. ഫയല്‍ സമിതിക്കുവിടാതെ മേയര്‍ രണ്ടുമാസം പിടിച്ചുവച്ചു. ആഗസ്ത് 22നാണ് ഫയല്‍ സമിതിക്ക് നല്‍കിയത്. സമിതി കരാറുകാരന്റെയും വാദംകേട്ട് മാനദണ്ഡങ്ങള്‍ പാലിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ മൂന്നുമാസം കൊടുക്കാനും പാലിച്ചില്ലെങ്കില്‍ കരാര്‍ റദ്ദുചെയ്യാനും തീരുമാനമെടുക്കാവുന്നതാണെന്നുകാട്ടി കൌണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

2016 സെപ്തംബര്‍ 27നാണ് ഈ തീരുമാനമെടുത്തത്. ഫയല്‍ മേയര്‍ക്ക് കൈമാറുകയുംചെയ്തു. മൂന്നരമാസം കഴിഞ്ഞിട്ടും സ്ഥിരംസമിതിയുടെ തീരുമാനം കൌണ്‍സിലില്‍വയ്ക്കാതെ മേയര്‍ ഫയല്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ഈ കരാറുകാരനുമായി ആരും സഹകരിക്കരുതെന്ന് ഫയലില്‍ നോട്ട് എഴുതുകയുംചെയ്തു. ഇതില്‍നിന്ന് ഈ കരാറുകാരനെ ഒഴിവാക്കാന്‍ മേയര്‍ക്ക് വ്യക്തിപരമായ താല്‍പ്പര്യം ഉണ്ടായിരുന്നുവെന്ന് വ്യക്തം. ഇതെല്ലാം വിജിലന്‍സിന്റെ പരിശോധനയ്ക്കു വിധേയമാകും. ഇതിനിടെ,  കരാറുകാരന്‍ കോര്‍പറേഷനില്‍ അടയ്ക്കാനുണ്ടായിരുന്ന തുക സ്വീകരിച്ച ഉദ്യോഗസ്ഥയെ ബലിയാടാക്കാനും നീക്കമുണ്ട്.