Top
19
Thursday, October 2017
About UsE-Paper

കുടുംബത്തിന്റെ പ്രതീക്ഷയായി അപര്‍ണ; ഇനി വേണ്ടത് കൈത്താങ്ങ്

Thursday Jan 12, 2017
പി ബി ചന്ദ്രബാബു


പള്ളുരുത്തി > ദേശീയതലത്തില്‍ മികവുനേടിയ താരത്തിന് കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ല. താമസം നല്ലവാതില്‍ പോലുമില്ലാത്ത മാതൃസഹോദരിയുടെ വീട്ടില്‍. തൃക്കാക്കര ഭാരതമാതാ കോളേജിലെ ബിഎസ്സി സുവോളജി വിദ്യാര്‍ഥിനി പനങ്ങാട് കണ്ണാറത്ത് വീട്ടില്‍ അപര്‍ണ ലാലുവാണ് തന്റെ കുടുംബത്തിന് വീടെന്ന സ്വപ്നവുമായി കഴിയുന്നത്. എന്‍സിസി കേഡറ്റായ അപര്‍ണ ഇക്കഴിഞ്ഞ സ്വാതന്ത്യ്രദിനാഘോഷ ചടങ്ങില്‍ ഫയറിങ്ങില്‍ മത്സരിച്ച് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയിരുന്നു. ഫയറിങ്ങില്‍ വിവിധതലത്തിലുള്ള മല്‍സരങ്ങളില്‍ മികവുതെളിയിച്ച 600 പേരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 പേരോട് മത്സരിച്ചാണ് അപര്‍ണ ഒന്നാമതെത്തിയത്. ഫയറിങ് ഒബ്സ്റ്റക്കിള്‍സ് ട്രെയില്‍ സ്നാപ്പ് റീഡിങ് വിഭാഗത്തിലാണ് മികവുതെളിയിച്ചത്.

എട്ടാംക്ളാസ് മുതല്‍ എറണാകുളം ഗവ. ഗേള്‍സ് സ്കൂളില്‍ എന്‍സിസി കേഡറ്റാണ്. തുടര്‍പരിശീലനം ലഭിച്ചാല്‍ ഷൂട്ടിങ്ങില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന ആത്മവിശ്വാസം അപര്‍ണയ്ക്കുണ്ട്്. പക്ഷേ ലക്ഷങ്ങള്‍ ഫീസിനത്തില്‍ ചെലവ് വരുന്നതിനാല്‍ സ്പോണ്‍സര്‍മാരെ കിട്ടാതെ തുടര്‍ പരിശീലനം സാധ്യമല്ല. സൈനിക ക്വിസ് തുടങ്ങി നിരവധി ഇനങ്ങളില്‍ സംസ്ഥാനതലത്തില്‍ മെഡലുകളും നേടിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ലാലു-സിന്ധുമോള്‍ ദമ്പതികളുടെ മകളാണ് അപര്‍ണ. 1993ല്‍ കുണ്ടന്നൂരില്‍ വച്ചുണ്ടായ ലോറിയപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സിന്ധുമോള്‍ ഇന്നും ചികിത്സയിലാണ്. ലാലുവുമായി വിവാഹമോചനം കൂടിയായതോടെ സിന്ധുവിന്റെ സഹോദരിയുടെ സംരക്ഷണയിലാണ് ജീവിതവും അപര്‍ണയുള്‍പ്പടെ രണ്ടുകുട്ടികളുടെ വിദ്യാഭ്യാസവും.

ബ്ളോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്താല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വീടുപണി തുടങ്ങിയെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ചികിത്സയും ജീവിതപ്രയാസവുംമൂലം സ്ഥലത്തിന്റെ ആധാരം ബാങ്കില്‍ പണയത്തിലുമാണ്. സഹായിക്കാന്‍ ആരുമില്ലാത്ത ഈ കുടുംബത്തിന്റെ പ്രതീക്ഷയും അപര്‍ണയിലാണ്. തലചായ്ക്കാന്‍ കെട്ടുറപ്പുള്ള വീടുപോലുമില്ലാതെ ഭയന്ന് ഉറങ്ങേണ്ട സ്ഥിതിയാണെന്ന് സിന്ധുമോള്‍ പറയുന്നു. കായിക രംഗത്ത് മികച്ച സംഭാവന നല്‍കുവാന്‍ കഴിയുന്ന അപര്‍ണയ്ക്ക് സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!