20 July Friday

ഷട്കാല ഗോവിന്ദ മാരാര്‍ സംഗീതോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

പിറവം > കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന  ഷട്കാല ഗോവിന്ദ മാരാര്‍ സംഗീതോത്സവത്തിന് രാമമംഗലം ഷട്കാല ഗോവിന്ദ മാരാര്‍ സ്മൃതിമന്ദിരത്തില്‍ തുടക്കമായി. സംഗീതോത്സവം അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി.
ചിത്രകലയില്‍ ദേശീയ പുരസ്കാരം നേടിയ അഖില്‍ മോഹന്‍, കലാമണ്ഡലം മുകുന്ദരാജ സ്മൃതി പുരസ്കാരം നേടിയ പ്രൊഫ.ജോര്‍ജ് എസ് പോള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ എ മിനി കുമാരി, ജില്ല പഞ്ചായത്ത് അംഗം കെ എന്‍ സുഗതന്‍, ജിന്‍സണ്‍ വി പോള്‍, അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍, കലാസമിതി സെക്രട്ടറി കെ ജയചന്ദ്രന്‍, സിന്ധു രവി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പത്മവിഭൂഷണ്‍ സുധ രഘുനാഥിന്റെ സംഗീതക്കച്ചേരി നടന്നു. തൃക്കാമ്പുറം ജയന്റെ സോപാനസംഗീതത്തോടെ പരിപാടികള്‍ തുടങ്ങിയത്.  

കടവ് കവലയില്‍ മണ്ണത്തൂര്‍ കുലതീയം അവതരിപ്പിക്കുന്ന കതിര്‍കൂട്ടക്കളമുണ്ടായി. കടവില്‍നിന്ന് ഷട്കാല സ്മാരക മന്ദിരത്തിലേക്ക് സാംസ്കാരിക ഘോഷയാത്രയും നടന്നു. ശനിയാഴ്ച രാവിലെ 11.30ന് നാരായണന്‍ ദേശമംഗലത്തിന്റെ സംഗീതക്കച്ചേരി. 5.30ന് ഡോ. വസുന്ധര ദ്വൊരസ്വാമിയുടെ ഭരതനാട്യം. ഏഴിന് കല്യാണ സൌഗന്ധികം കഥകളി. ഞായറാഴ്ച രാവിലെ 10ന് സെമിനാര്‍. തുടര്‍ന്ന് സംഗീതാര്‍ച്ചന. മൂന്നിന് ആര്യദത്ത, പ്രിയദത്ത എന്നിവരുടെ വയലിന്‍ദ്വയം.

വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം ഡോ. കെ ജി പൌലോസ് ഉദ്ഘാടനം ചെയ്യും. 5.30ന് ഡോ. രചിത രവിയുടെ മോഹിനിയാട്ടം. ഏഴിന് പ്രണവം ശങ്കരന്‍ നമ്പൂതിരി, കര്‍ണാടക സംഗീതവും, കോട്ടക്കല്‍ മധു കളിസംഗീതവും ചേര്‍ന്നുള്ള സംഗീത സമന്വയം.

പ്രധാന വാർത്തകൾ
Top