Top
20
Monday, November 2017
About UsE-Paper

റോള്‍മോഡലുകളായി റോള്‍ബോള്‍ ക്യാപ്റ്റന്‍മാര്‍

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

നെടുമ്പാശേരി > തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപില്‍ ജനസേവയിലെ ആനന്ദ് കണ്ണനും ആര്‍ വിഷ്ണുവും ജില്ലാ ടീമിനെ നയിക്കും. ആനന്ദ് കണ്ണന്‍ 11 വയസില്‍ താഴെയുള്ള മിനിവിഭാഗത്തിലും വിഷ്ണു 14 വയസില്‍ താഴെയുള്ള സബ്ജൂനിയര്‍ വിഭാഗത്തിന്റെയും ജില്ലാ ടീം നായകരാകുമെന്ന് കേരള റോള്‍ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പി അലക്സാണ്ടര്‍ അറിയിച്ചു.

പാലക്കാട് വടക്കചേരിയില്‍ റോഡ് അരികില്‍ ടെന്റില്‍ ആറു മക്കളെയുംകൊണ്ട് അന്തിയുറങ്ങിയിരുന്ന തമിഴ്നാട് സ്വദേശികളായ  കണ്ണന്‍, ശാന്തി ദമ്പതികളുടെ മകനായ ആനന്ദ്കണ്ണന്‍ ജനസേവയില്‍ എത്തുന്നത് 2012ലാണ്. ദേശിയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ താമസകേന്ദ്രം പൊളിച്ചപ്പോള്‍ ആനന്ദിനെയും മറ്റ് മൂന്നുമക്കളെയും കണ്ണന്‍ ജനസേവയുടെ സംരക്ഷണത്തിലാക്കുകയായിരുന്നു.

ആലുവ മാര്‍ക്കറ്റിനു സമീപം 2009ല്‍ തെരുവില്‍ ഭിക്ഷയാചിച്ച് നടന്നിരുന്ന വിഷ്ണുവിനെ ജനസേവാ പ്രവര്‍ത്തകര്‍ ബോയ്സ് ഹോമില്‍ എത്തിച്ചു. പ്രതികൂലസാഹചര്യങ്ങളില്‍ വളര്‍ന്ന ഇവരിലെ കഴിവിനെ കണ്ടെത്തി വളര്‍ത്തിയത് ജനസേവാ ശിശുഭവനിലെ സ്പോര്‍ട്സ് അക്കാദമിയില്‍ നല്‍കിയ പരിശീലനമാണെന്ന് ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു. നെടുമ്പാശേരി എംഎഎച്ച്എസ്എസിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. ആനന്ദ് കണ്ണന്‍ മുഴിക്കുളം സെന്റ് മേരീസ് യുപി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയും.