17 August Friday

രാസവസ‌്തുക്കൾ മാറ്റി; വ്യവസായശാലകൾ സുരക്ഷിതം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കൊച്ചി
പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും ജില്ലയിലെ വ്യവസായ ശാലകൾ സുരക്ഷിതമാണെന്ന് കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. വ്യവസായശാലകളുടെ സുരക്ഷ സംബന്ധിച്ച  ആലുവ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന അവലോകനയോഗത്തിനു ശേഷമാണ‌് കലക‌്ടർ ഇക്കാര്യം അറിയിച്ചത‌്. 

പുഴയുടെ തീരത്തുള്ള ഏലൂർ വ്യവസായ മേഖലയിലെ  കമ്പനികളിലെ  90 ശതമാനം  രാസവസ‌്തുക്കളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാസവസ്തുക്കൾ പൊതുജലാശയങ്ങളിൽ കലരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ തുടങ്ങിയ വസ്തുക്കളുടെയും അപകടകരമായ രാസവസ്തുക്കളുടെയും ഗതാഗതം സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കാൻ കലക്ടർ കമ്പനികൾക്ക് നിർദേശം നൽകി. കമ്പനികളുടെ ഉൽപ്പാദനം, ഓരോ പ്ലാന്റിന്റെയും ചുമതലയുള്ള ജീവനക്കാരൻ, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. 24 മണിക്കൂറും ജീവനക്കാരുടെ സേവനം കമ്പനികളിൽ ലഭ്യമാക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ ദുരന്ത നിവാരണ വിഭാഗം, പോലീസ്, ഫയർ ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെടാനുള്ള നിർദേശവും നൽകി. മൂന്നു മീറ്റർവരെ ജലനിരപ്പ് ഉയർന്നാലും വ്യവസായശാലകളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് കലക്ടർ അറിയിച്ചു.

എഫ്എസിടി, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നീ കമ്പനികളുടെ പ്രതിനിധികളും ഫാക്ടറീസ് ആൻഡ് ബോയ‌് ലേഴ‌്സ‌്, മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരും  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി ഡി ഷീലാദേവിയും യോഗത്തിൽ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top