18 November Sunday

കരുത്തു പകരാൻ കണ്ണൂർ കൗൺസലിങ‌് സംഘം പറവൂരിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


കൊച്ചി
എറണാകുളം ജില്ലയിലെ പ്രളയബാധിതർക്ക‌് അതിജീവനത്തിന്റെ ഹൃദയമന്ത്രം ചൊല്ലിക്കൊടുത്ത‌് കണ്ണൂർ ജില്ലയിൽനിന്നുള്ള കൗൺസലിങ‌് സംഘം. ഒരായുസ്സുകൊണ്ടുണ്ടാക്കിയതെല്ലാം  പ്രളയം കവർന്നെടുത്ത, നിസ്സഹായരായ ജനതയ‌്ക്ക‌് മനോധൈര്യം പകരാനെത്തിയ സംഘം മൂന്നുദിവസത്തെ ദൗത്യം പൂർത്തിയാക്കി മടങ്ങി. കണ്ണൂർ ജില്ലയിൽ നാഷണൽ ഹെൽത്ത‌് മിഷനു കീഴിലും കണ്ണൂർ സർവകലാശാലയുടെ അംഗീകൃതസ്ഥാപനമായ ഹൃദയാരാം കമ്യൂണിറ്റി കോളേജ‌് ഓഫ‌് കൗൺസിലിങ്ങിലുമുള്ള സംഘമാണ‌് ജില്ലയിലെത്തിയത‌്. 41 അംഗസംഘത്തിൽ 20 പേർ എറണാകുളം ജില്ലയിലും 21 പേർ ചെങ്ങന്നൂരിലും കേന്ദ്രീകരിച്ചാണ‌് പ്രവർത്തിച്ചത‌്.  കൗൺസലിങ‌്, സൈക്കോ തെറാപ്പി വിദഗ‌്ധരാണ‌് എല്ലാവരും.

മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമാണ‌് സംഘം എത്തിയത‌്. മന്ത്രിയുടെ നിർദേശപ്രകാരം കണ്ണൂർ ജില്ലാ നാഷണൽ ഹെൽത്ത‌് മിഷൻ പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ‌് മുന്നോട്ടുവച്ച ആശയം ഏറ്റെടുക്കാൻ ഹൃദയാരാം ഡയറക്ടറും പ്രമുഖ സൈക്കൊ തെറാപ്പിസ‌്റ്റുമായ ഡോ. സിസ‌്റ്റർ ട്രീസ പാലയ‌്ക്കൽ തയ്യാറായതോടെയാണ‌് രണ്ട‌് ജില്ലകളിലേക്ക‌് കൗൺസലിങ‌് സംഘത്തെ അയ‌യ‌്ക്കാൻ വഴിയൊരുങ്ങിയത‌്. ‘ഹൃദയ ഹസ‌്തം’ മാനസിക  ശാക്തീകരണ പരിപാടി എന്ന പേരിൽ എറണാകുളം ജില്ലയിൽ പറവൂർ താലൂക്ക‌് കേന്ദ്രീകരിച്ചായിരുന്നു കൗൺസലിങ‌്. കുന്നുകര പഞ്ചായത്തിൽ സംഘം പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കും നാട്ടുകാർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും മാനസിക ശക്തീകരണം നടത്തി.

ആദ്യഘട്ടത്തിൽ പൊതു ശാക്തീകരണവും രണ്ടാംഘട്ടത്തിൽ വീടുകളിലെത്തിയുള്ള ശാസ‌്ത്രീയ മാനസിക ബോധവൽക്കരണവുമാണ‌് നടത്തിയത‌്. പ്രളയത്തിനിരയായവർക്ക‌് ദുഃഖം, നിരാശ, ദേഷ്യം, നിസ്സംഗത, ഉറക്കമില്ലായ‌്മ, പേടി, ആത്മഹത്യാപ്രവണത, മദ്യപാനആസക്തി എന്നിവയുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ‌് കൗണസലിങ‌് നൽകുന്നത‌്. മുതിർന്നവർക്ക‌് വിവിധ സൈക്കൊ തെറാപ്പികളും കുട്ടികൾക്ക‌് പ്ലേ, മ്യൂസിക‌് തെറാപ്പികളുമാണ‌് നടത്തിയത‌്. രണ്ടു ദിവസത്തെ കൗൺസലിങ‌് കൊണ്ട‌് വലിയമാറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്ന‌് സംഘം പറയുന്നു. പ്രദേശത്തെ എംഇഎസ‌് സ‌്കൂൾ, ഗവ. എൽപിഎസ‌് ചാലാക്കര, കുറ്റിപ്പുഴ ക്രിസ‌്തുരാജ‌് സ‌്കൂൾ എന്നിവിടങ്ങളിലായി ആയിരത്തിലേറെ കുട്ടികൾക്ക‌് വ്യക്തിഗത കൗൺസലിങ്ങും ഗ്രൂപ്പ‌് കൗൺസലിങ്ങും നൽകി. കുന്നുകര പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലെ അഞ്ഞൂറിലേറെപ്പേർക്ക‌് മാനസിക ശാക്തീകരണം നൽകാനായെന്ന‌്  കൗൺസലിങ‌് വിദഗ‌്ധർ പറഞ്ഞു.

കുന്നുകര പഞ്ചായത്ത‌് വികസനകാര്യ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ സി യു ജബ്ബാർ, സെക്രട്ടറി ജെയിൻ വർഗീസ‌്, പറവൂർ മെഡിക്കൽ സൂപ്രണ്ട‌് ഡോ. റോസമ്മ, കുന്നുംപുറം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രണ്ട‌് ഡോ. കൃഷ‌്ണകുമാർ,  നാഷണൽ  ഹെൽത്ത‌് മിഷൻ ജില്ലാ സൂപ്രണ്ട‌് ഡോ. മാത്യു നുമ്പേലി, ഹൃദയാരാം കമ്യൂണിറ്റി കോളേജ‌് അസിസ‌്റ്റന്റ‌് ഡയറക്ടർ സിസ‌്റ്റർ ജ്യോതിസ‌് പാലയ‌്ക്കൽ, സിസ‌്റ്റർ ജാൻസി പോൾ, സിസ‌്റ്റർ ലിറ്റി ജേക്കബ‌്, ഹൃദയഹസ‌്തം  കോ ഓർഡിനേറ്റർ വി വി റിനീഷ‌് എന്നിവർ നേതൃത്വം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top