16 October Tuesday

ചെല്ലാനത്തിന് സമഗ്ര വികസന-തീരസംരക്ഷണ പാക്കേജ്

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

കൊച്ചി > കടല്‍കയറി ജീവിതം ദുസഹമായ ചെല്ലാനം മേഖലയുടെ വികസനത്തിനും തീര സംരക്ഷണത്തിനുമായി സമഗ്രപാക്കേജ് തയ്യാറാക്കും. ചെല്ലാനത്തെ ദുരിതം ചര്‍ച്ചചെയ്യാന്‍ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെയും കെ ജെ മാക്സി എംഎല്‍എയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് സമഗ്ര പാക്കേജ് തയ്യാറാക്കാന്‍ തീരുമാനിച്ചത്. കടല്‍ഭിത്തി, പുലിമുട്ട്, വീടുകളുടെ അറ്റകുറ്റപ്പണി, കനാല്‍ ശുചീകരണം, സര്‍വീസ് റോഡ് നിര്‍മാണം, മണല്‍ഭിത്തി, കയര്‍ഭൂവസ്ത്രമിടല്‍ എന്നിവയടങ്ങുന്ന പദ്ധതിയാണ് സമഗ്രപാക്കേജായി സര്‍ക്കാരിന് സമര്‍പ്പിക്കുക. പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇതിന് അന്തിമരൂപം നല്‍കും. കടല്‍ഭിത്തി നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കെ ജെ മാക്സി എംഎല്‍എ അറിയിച്ചു.

ചെല്ലാനം തീരസംരക്ഷണത്തിന് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കും. ജലസേചന വകുപ്പ് എഞ്ചിനിയര്‍മാരടങ്ങുന്ന വിദഗ്ധസംഘം വെള്ളി, ശനി ദിവസങ്ങളില്‍ ചെല്ലാനം സന്ദര്‍ശിച്ച് പ്രദേശവാസികളുടെ അഭിപ്രായം തേടിയശേഷം കടല്‍ഭിത്തി നിര്‍മാണത്തിന് രൂപരേഖ തയാറാക്കും. ചെന്നൈ ഐഐടി രൂപകല്‍പ്പനചെയ്ത പുലിമുട്ടുകള്‍ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

ബസാര്‍, വേളാങ്കണ്ണി, ആലുങ്കല്‍, വാച്ചാക്കല്‍, പുത്തന്‍തോട്, മറുവക്കാട്, ഉപ്പത്തിക്കാട്, പുത്തന്‍തോട്, കമ്പനിപ്പടി, കണ്ടക്കടവ് എന്നിവിടങ്ങളിലെ തകര്‍ന്ന കടല്‍ഭിത്തി അടിയന്തരമായി പുതുക്കിപ്പണിയാനുള്ള നിര്‍ദേശവും സമര്‍പ്പിക്കും. ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യ കടപ്പുറത്തെ മാതൃകയില്‍ 17 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടല്‍ഭിത്തി നിര്‍മാണമാണ് ചെല്ലാനത്ത് നടപ്പാക്കേണ്ടത്. ചെല്ലാനം ഹാര്‍ബര്‍ വികസിപ്പിക്കണം. വിജയം കനാലും കടല്‍വെള്ളം കയറിയിറങ്ങുന്ന തോടുകളും ആഴംകൂട്ടി പുനര്‍നിര്‍മിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കേടുപറ്റിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വീടുകളുടെ കണക്കെടുപ്പ് തുടങ്ങി. കടല്‍ച്ചെളിയും മണ്ണും അടിഞ്ഞ വീടുകള്‍ വാസയോഗ്യമാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധസംഘടനകളും രംഗത്തുണ്ട്. ശുചീകരണത്തിന് എട്ട് ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തി. ശുചിമുറികള്‍ പുനഃനിര്‍മിക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ ആറ് സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. 25 കക്കൂസുകള്‍ അറ്റകുറ്റപ്പണി നടത്തി. സെപ്റ്റിക്ടാങ്ക് മാലിന്യം നീക്കാന്‍ ബുദ്ധിമുട്ട് നേരിടുണ്ടെന്ന് ശുചിത്വമിഷന്‍ അറിയിച്ചു. ഓരുജലംകൂടി ടാങ്കറുകളിലേക്ക് കയറുന്നതാണ് കാരണം.  ചെല്ലാനം മേഖലയില്‍ നിലവില്‍ പകര്‍ച്ചവ്യാധികളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ല. ഡോക്ടര്‍മാരും ആശ വര്‍ക്കര്‍മാരും അങ്കണവാടി പ്രവര്‍ത്തകരും രംഗത്തുണ്ട്. നാല് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കനാലുകളും തോടുകളും ശുചിയാക്കാന്‍ തുടങ്ങി. രണ്ട് യന്ത്രങ്ങള്‍കൂടി വെള്ളിയാഴ്ച ഇറക്കും. സൌജന്യ റേഷന്‍ വിതരണത്തിനും നടപടിയായി. ചെല്ലാനം ഹാര്‍ബറിന് സമീപം ഡ്രഡ്ജിങ് ഉടനെ ആരംഭിക്കും.

ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി എന്‍ ശ്രീനിവാസന്‍, കൊച്ചി തഹസില്‍ദാര്‍ കെ വി അംബ്രോസ്,  ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ ഇമ്പശേഖര്‍, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ് ശ്രീദേവി, ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലന്‍, കെ എം റിയാദ്, പി എ പീറ്റര്‍, ഷാജി കുറുപ്പശേരി, വി ബി രഘു, പ്രവീണ്‍ ദാമോദരപ്രഭു, ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. അലക്സ് കൊച്ചീക്കാരന്‍ വീട്ടില്‍, വി ഡി മജീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top