Top
19
Tuesday, December 2017
About UsE-Paper

റോഡരികില്‍ മാലിന്യം വലിച്ചെറിഞ്ഞവരെക്കൊണ്ട് ശുചിയാക്കിച്ചു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

ആലങ്ങാട് > യുസി കോളേജ് വല്യപ്പന്‍പടിയിലെ റോഡരികില്‍ മാലിന്യം വലിച്ചെറിഞ്ഞു പോയവര്‍ തങ്ങള്‍ക്ക് ഇത്തരമൊരു ശിക്ഷ ലഭിക്കുമെന്നു സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല. മാലിന്യം തള്ളിയവരെ വിളിച്ചുവരുത്തി കരുമാല്ലൂര്‍ പഞ്ചായത്തും പൊലീസും അതു വൃത്തിയാക്കിച്ചപ്പോള്‍ ശിക്ഷയ്ക്കപ്പുറം അവര്‍ക്കൊരു സാമൂഹ്യപാഠമായി. ഇതിനെല്ലാം സഹായിച്ചത് പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറയും. 

മൂന്നാഴ്ചമുമ്പാണ് ആലുവ-പറവൂര്‍ റോഡില്‍ വല്യപ്പന്‍പടി കള്ളുഷാപ്പിനു സമീപം പ്ളാസ്റ്റിക്കിറ്റുകളാക്കി മാലിന്യം തള്ളിയ നിലയില്‍ കണ്ടത്. കവലയില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറയില്‍ 'കുറ്റകൃത്യം' കൃത്യമായി പതിഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ ആലുവ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തി കേസെടുത്തു. എന്നാല്‍, നിക്ഷേപിച്ച മാലിന്യം പാതയോരത്തുനിന്നു നീക്കാന്‍ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവരെക്കൊണ്ടുതന്നെ വൃത്തിയാക്കിച്ചത്. എസ്ഐ എല്‍ അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ശുചീകരണം. കൂടാതെ 25,000 രൂപ പിഴ ഈടാക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കും. അക്രമങ്ങളും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും പിടികൂടുന്നതിനുള്ള കരുമാല്ലൂര്‍ പഞ്ചായത്തിന്റെ 'സുരക്ഷിതഗ്രാമം, സുന്ദരഗ്രാമം' പദ്ധതിയുടെ ഭാഗമായി പ്രധാന കവലകളില്‍ എല്ലാം നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ആദ്യമായി പിടികൂടിയ സംഭവമാണിത്.