Top
17
Sunday, December 2017
About UsE-Paper

വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

വൈപ്പിന്‍ > എളങ്കുന്നപ്പുഴ, ഞാറക്കല്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങള്‍ മാലിപ്പുറത്തെ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസിലെത്തി പ്രശ്നം പരിഹരിച്ചതോടെ ഉപരോധം പിന്‍വലിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മണിക്കൂര്‍ തുടര്‍ച്ചയായി പമ്പ്ചെയ്യാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്.

പഞ്ചായത്തുകളുടെ ഉള്‍പ്രദേശങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. വടുതല പമ്പ്ഹൌസില്‍നിന്നു ശരാശരി 10 മണിക്കൂര്‍ മാത്രമാണ് പമ്പിങ് നടത്തുന്നത്. ഇതാണ് കുടിവെള്ളക്ഷാമത്തിനു കാരണമായത്.

പമ്പിങ് തുടര്‍ച്ചയായി 17 മണിക്കൂറാക്കും, വൈപ്പിന്‍ മേഖലയിലേക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവെടുക്കാന്‍ ഫ്ളോയിങ് മീറ്റര്‍ സ്ഥാപിക്കും, അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും, ഇതിന് പിഡബ്ള്യുഡിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടും തുടങ്ങിയുള്ള കാര്യങ്ങളിലാണ് തീരുമാനമുണ്ടായത്. ഇതു രേഖാമൂലം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കി.

പ്രസിഡന്റുമാരായ വി കെ കൃഷ്ണന്‍, ഷില്‍ഡ റെബേരോ, വൈസ് പ്രസിഡന്റ് എ പി ലാലു, അംഗങ്ങളായ കെ ബി ഗോപാലകൃഷ്ണന്‍, മണി സുരേന്ദ്രന്‍, മിനി രാജു, സാജു മേനാച്ചേരി, മേരി കുഞ്ഞപ്പന്‍, റിനില്‍ പള്ളത്ത്, ലൈമി ദാസന്‍, മിനി ദിലീപ്, ആലീസ് സെബാസ്റ്റ്യന്‍, സോഫിയ ജോയ് എന്നിവര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ അനില്‍കുമാര്‍, എക്സി. എന്‍ജിനിയര്‍ പ്രീത, അസി. എക്സി. എന്‍ജിനിയര്‍ മുഹമ്മദ് എന്നിവരാണ് വാട്ടര്‍ അതോറിറ്റിയില്‍നിന്നു പങ്കെടുത്തത്.