16 November Friday

55,522 സിപിഐ എം പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018



കൊച്ചി
പ്രളയത്തെ തുടർന്ന‌് ജില്ലയിലെ ശുചീകരണ യജ്‌ഞത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ 55,522 സന്നദ്ധപ്രവർത്തകർ അണിചേർന്നതായി  ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂർ, കാസർകോട‌്, പാലക്കാട‌് അടക്കമുള്ള ജില്ലകളിൽ നിന്നും  ഡിവൈഎഫ്ഐയുടെ 8105 പേരാണ‌് രണ്ടും മൂന്നും ദിവസം താമസിച്ച‌് ശുചീകരണത്തിൽ പങ്കുചേർന്നത‌്. ജില്ലയിലെ 35,000 പ്രവർത്തകരും വീടുകൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവ ശൂചീകരിച്ചു.
സ്വന്തം പ്രദേശത്തെ ശൂചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിനു പുറമെ പറവൂർ, ആലങ്ങാട്, നെടുമ്പാശേരി, ആലുവ, കാലടി, ഏലൂർ തുടങ്ങിയ മേഖലകളിലായി 7620 സിഐടിയു പ്രവർത്തകരും രംഗത്തിറങ്ങി. ഇവർ ആഗസ‌്ത‌് 20 മുതൽ പ്രളയബാധിതമേഖലകളിൽ ശൂചീകരണ പ്രവർത്തനം നടത്തി. ഇതിനു പുറമെ 100 ടൺ അരി, അനുബന്ധ പലവ്യഞ്ജനങ്ങളും 50,000 ലിറ്റർവെള്ളം, പുതിയവസ്ത്രങ്ങൾ, പച്ചക്കറി, 3000 പുതപ്പ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവ സിപിഐ എം ജില്ലാ കമ്മിറ്റി ശേഖരിച്ചു നൽകി.  ഇപ്പോഴും പ്രവർത്തനം തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിലും  ജില്ലയിലെ സിപിഐ എം പ്രവർത്തകരും വർഗ ബഹുജന സംഘടനാ പ്രവർത്തകരും മുന്നിട്ടിറങ്ങിയിട്ടുണ്ട്. പ്രളയത്തിൽ ഒറ്റപ്പെട്ട‌് ആയിരക്കണക്കിനാളുകളാണ് ആ ദിവസങ്ങളിൽ പാർടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഡിവൈഎഫ്ഐ ജില്ലാ സെന്ററിലേക്കും സഹായ അഭ്യർഥന നടത്തിയത്. അതെല്ലാം അപ്പപ്പോൾ കലക്ടർക്ക് കൈമാറുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചേർന്നവർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനും കിറ്റുകൾ തയ്യാറാക്കുന്നതിനും ജില്ലയിലെ സിഐടിയു ചുമട് തൊഴിലാളികൾ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. കൂടാതെ 200 ഓളം ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മെക്കാനിക്കുകൾ എന്നിവർ ഇപ്പോഴും പ്രവർത്തന രംഗത്തുണ്ട്.

മുനമ്പം, പുതുവൈപ്പ് തുടങ്ങി വൈപ്പിൻ കരയിലെയും, കൊച്ചി, ചെല്ലാനം, പ്രദേശങ്ങളിലെയും വള്ളങ്ങളും ബോട്ടുകളും പ്രളയത്തിൽ കുടുങ്ങിപ്പോയ പതിനായിരങ്ങളെ രക്ഷപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ‌് വഹിച്ചത്.  സംഘടനകളുടെ കൊടിയും ബാനറും ബാഡ്ജും അടയാളങ്ങളുമില്ലാതെ ആയിരക്കണക്കിന് പ്രവർത്തകർ ജനങ്ങളുടെ രക്ഷകരായി.  സിപിഐ എം  ജില്ലാ കമ്മിറ്റി വിവിധ ഭാഗങ്ങളിൽനിന്നു വള്ളങ്ങളും മുങ്ങൽ വിദഗ‌്ധരെയും ഏർപ്പാടാക്കി നൽകി.

കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകേന്ദ്രവും  ജില്ലയിലെ ഉന്നതരായ പൊലീസ് ‐ ഫയർ റസ്ക്യു ‐ എക്സൈസ് ഉദ്യോഗസ്ഥർ മുതൽ താഴെ തലംവരെയുുള്ള ഉദ്യോഗസ്ഥരും ഒറ്റ മനസോടെ പ്രവർത്തിച്ചു. മുസ്ലീം ‐ ക്രൈസ്തവ, ഹൈന്ദവ, പുരോഹിതരും ആരാധനാലയങ്ങൾ വരെ ക്യാമ്പിനായി നൽകി. ജാതി ‐ മത ‐ വർഗ ‐ ലിംഗവ്യത്യാസമില്ലാതെ ജില്ലയിലെ ജനങ്ങൾ ഒന്നാകെ ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായി.   പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുഴുവൻ പേരെയും സിപിഐ എം  ജില്ലാ കമ്മിറ്റി അനുമോദിക്കുന്നുവെന്നും സി എൻ മോഹനൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി കെ മണിശങ്കർ, എൻ സി മോഹനൻ എന്നിവരും പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
Top