21 September Friday

മേരിക്കും അഞ്ജുവിനും കനിവിന്റെ സുരക്ഷയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

അങ്കമാലി
സിപിഐ എം അങ്കമാലി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ ജോസ‌്പുരം ബ്രാഞ്ച് പണികഴിപ്പിച്ച കനിവ് വീട് നിർധനകുടുംബത്തിന് കൈമാറി. കിഴക്കേടത്ത് മേരി വർഗീസും മകൾ അഞ്ജുവും ചേർന്ന് പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി.

നിർമാണ കമ്മിറ്റി കൺവീനർ വിനോദ് കോട്ടയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കിണർ, വീട്ടുപകരണങ്ങൾ ഉൾപ്പെടെ ഏഴ് ലക്ഷം രൂപയാണ് വീട് നിർമാണത്തിന് ചെലവായത്. കനിവ് വീടുകൾ അർഹരായവർക്കെല്ലാം നിർമിച്ചു കൊടുക്കണമെന്നാണ് പാർടി ആഗ്രഹിക്കുന്നതെന്ന് രാജീവ് പറഞ്ഞു. ഇതിൽ കക്ഷിരാഷ്ട്രീയമില്ല. അർഹത മാത്രമായിരിക്കും മാനദണ്ഡം. ഒക്ടോ. 20 സി എച്ച് ദിനത്തോടെ പൂർത്തിയാക്കിയ വീടുകളുടെ എണ്ണം 150 ലെത്തിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് കൂട്ടിച്ചേർത്തു.

ചടങ്ങിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഐ കുര്യാക്കോസ് അധ്യക്ഷനായി. ടി വി സാമുവൽ സ്വാഗതവും, കെ വി പോളച്ചൻ നന്ദിയും പറഞ്ഞു. ജോസ‌്പുരം പള്ളി വികാരി ഫാ. വർഗീസ് മാണിക്കത്ത്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം പി പത്രോസ്, ഏരിയ സെക്രട്ടറി കെ കെ ഷിബു, ജീമോൻ കുര്യൻ എന്നിവർ സംസാരിച്ചു.

എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ അലീന മാർട്ടിനും, പോൾ ജെയ്മിക്കും നഗരസഭാ ചെയർപേഴ്‌സൺ എം എ ഗ്രേസി അവാർഡ് നൽകി. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ നഗരസഭാ വൈസ് ചെയർമാൻ സജി വർഗീസും കൗൺസിലർ സിനിമോൾ മാർട്ടിനും നൽകി.

പ്രധാന വാർത്തകൾ
Top