Top
18
Monday, December 2017
About UsE-Paper

തീരത്തിന്റെ പുനര്‍നിര്‍മാണത്തിന് അടിയന്തര നടപടിയെടുക്കണം: സിപിഐ എം

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തീരദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേരളംകണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായ ഓഖി എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളായ ചെല്ലാനം, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളും, കൊച്ചി നഗരസഭയുടെ സൌദി, മാനാശേരി ഭാഗത്തും വലിയ ദുരിതമാണ് ഉണ്ടാക്കിയത്. ചെല്ലാനം പഞ്ചായത്തില്‍ രണ്ടുപേര്‍ മരിച്ചു. ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശൌചാലയങ്ങള്‍ തകര്‍ന്നു. കടല്‍ഭിത്തി തകര്‍ന്ന് കടല്‍ കരയിലേക്ക് കയറിയതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകളിലും പുറത്തും വന്‍തോതില്‍ മണലും മാലിന്യങ്ങളും അടിഞ്ഞുകൂടി. പലയിടങ്ങളിലും ഒരാള്‍ പൊക്കത്തില്‍വരെ മാലിന്യക്കൂമ്പാരം അടിഞ്ഞുകൂടി. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടാനും ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരും, സന്നദ്ധപ്രവര്‍ത്തകരും, ജില്ലാ ഭരണകേന്ദ്രവും പ്രശംസനീയമാംവിധം പ്രവര്‍ത്തിച്ചു.

മേഖലയിലെ പ്രധാനപ്രശ്നം കടല്‍ഭിത്തികളുടെ തകര്‍ച്ചയും കടല്‍ക്ഷോഭം തടയുന്നതിനുള്ള പുലിമുട്ട്് നിര്‍മാണവുമാണ്. ഭിത്തികള്‍ പുനര്‍നിര്‍മിക്കുന്നതിനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍  യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. ബന്ധപ്പെട്ട”മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരണം. മേജര്‍ ഇറിഗേഷന്‍, ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗം  വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തീരദേശത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തില്‍ അവര്‍ക്കാശ്വാസം  നല്‍കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് മുഴുവന്‍ ബഹുജന സംഘടനകളോടും ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.