19 January Saturday

അഭിഭാഷകയെ ബിജെപിക്കാർ മർദിച്ച സംഭവം: ലോയേഴ്സ് യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019


പറവൂർ
ഹർത്താൽ തലേന്ന് കാറിൽ സഞ്ചരിച്ച അഭിഭാഷകയെയും കുടുംബത്തെയും ബിജെപി പ്രവർത്തകർ മർദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും പ്രതിഷേധിച്ച് അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പറവൂർ ഡിസ്ട്രിക്ട‌് കോർട്ട് ബാർ അസോസിയേഷൻ അംഗമായ മേരി കാതറിൻ പ്രിയങ്കയും കുടുംബവുമാണ് ചാലക്കുടിയിൽവച്ച് ആർഎസ്എസ്–-ബിജെപി പ്രവർത്തകരുടെ ആക്രമണത്തിന‌് ഇരയായത്. അഭിഭാഷകയുടെ കൈ പിടിച്ചുതിരിക്കുകയും ഭർത്താവിന്റെ കഴുത്തിനുപിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവരുടെ ഭർത്താവും ഭർതൃപിതാവും സഹോദരന്റെ രണ്ടുവയസ്സുള്ള കുഞ്ഞുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഭർത്താവിന്റെ ഹൃദ‌്‌രോഗിയായ അച്ഛൻ മാത്യുവിനെ കാറിൽനിന്ന് ക്രിമിനലുകൾ വലിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചതിനാല്‍ കഴിഞ്ഞില്ല. മേരി കാതറിൻ പ്രിയങ്ക നൽകിയ പരാതിയെ തുടർന്ന് ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ബാർ അസോസിയേഷൻ നേതൃത്വം പ്രതികരിക്കാത്തതിൽ അഭിഭാഷകർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. 15 പ്രതികളില്‍ ഒരാള്‍മാത്രമാണ് ഇതുവരെ പിടിയിലായത്. മറ്റു പ്രതികളെ ഉടൻ പിടികൂടണമെന്ന് ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. ബാർ അസോസിയേഷനുമുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ‌് റാഫേൽ ആന്റണി, സെക്രട്ടറി എം ബി സ്റ്റാലിൻ, എസ് ശ്രീറാം, കെ കെ മുഹിനുദീൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top