22 September Saturday

ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തണം: വികസന സമിതി

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


പറവൂർ
ഇതരസംസ്ഥാന തൊഴിലാളികൾ തദ്ദേശവാസികൾക്കുനേരെ നടത്തുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവരെക്കുറിച്ചുള്ള യഥാർഥവിവരങ്ങൾ ശേഖരിച്ച് കണക്കെടുപ്പ് നടത്തണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യമുയർന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയിലുള്ള അമിതമായ ലഹരിയുപയോഗം അക്രമങ്ങൾ വർധിക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഏറെ വിപത്തായി മാറുന്നതിനാൽ പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ‌്ക്കുന്നതിനും മാലിന്യം സംസ്കരിക്കുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. മാളികംപീടികമുതൽ കോട്ടപ്പുറംവരെ റോഡിന്റെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന അനധികൃതതട്ടുകടകളും വഴിയോരക്കച്ചവടങ്ങളും റോഡപകടങ്ങൾക്ക് കാരണമായി മാറുന്നുണ്ട്. ഇത് നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായിവരുന്നവർ ഓഫീസിനകത്തെ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സപ്പൈ ഓഫീസിന്റ സ്ഥലസൗകര്യം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടിയുണ്ടാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

കാലവർഷംമൂലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. തോടുകൾ കൈയേറുന്നതും മാലിന്യം നിറഞ്ഞ് തോട്ടിലെ നീരൊഴുക്കിന് തടസ്സം വരുന്നതുമായ സാഹചര്യങ്ങൾ തദ്ദേശസ്വയംഭരണ അധികാരികൾ പ്രത്യേകം പരിശോധിക്കണം. എൻഎച്ച് 17ൽ മുനമ്പംകവല, കുര്യാപ്പിള്ളിക്കവല, മൂത്തകുന്നം ലേബർകവല, ചെറിയപ്പിള്ളി എന്നിവിടങ്ങളിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കാനും  യോഗത്തിൽ തീരുമാനമായി. വികസനസമിതി യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ജെസിരാജു അധ്യക്ഷയായി.

പ്രധാന വാർത്തകൾ
Top