19 November Monday

പ്രളയ ദുരിതാശ്വാസം അനർഹർ വാങ്ങുന്നതായി ആക്ഷേപം

കെ ആർ ബൈജുUpdated: Wednesday Sep 5, 2018



മുളന്തുരുത്തി
പ്രളയ ദുരിതാശ്വാസം നൽകുന്നതിനുള്ള പട്ടികയിൽ അനർഹരായ നൂറുകണക്കിന് ആളുകളെ തിരുകിക്കയറ്റിയ ഉദയംപേരൂർ പഞ്ചായത്ത്, മണകുന്നം വില്ലേജ് അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷധം.  വെള്ളപ്പൊക്കത്തിൽ ഉദയംപേരൂർ പഞ്ചായത്തിലെ 50ൽ താഴെ വീടുകളിൽ ഭാഗികമായി വെള്ളം കയറിയെന്നാണ് ആദ്യഘട്ടത്തിൽ അധികൃതർ നൽകിയ കണക്ക്. പിന്നീട് വേലിയേറ്റം ശക്തമായതോടെ വേമ്പനാട്ട് കായലിൽ  തീരപ്രദേശത്തെ ചില വീടുകളിലും വെള്ളപ്പൊക്ക ഭീഷണി ഉയർന്നു. തുടർന്ന് നടക്കാവ് ജെബിഎസ്, പുത്തൻകാവ് ജെബിഎസ് എന്നിവിടങ്ങളിലായി ആരംഭിച്ച ക്യാമ്പുകളിൽ 50ൽപ്പരം കുടംബങ്ങളാണ് കഴിഞ്ഞത്. ഇതിൽ പലരുടെയും വീടുകളുടെ ചുറ്റും വെള്ളം നിറഞ്ഞതുകൊണ്ടാണ‌്  ഇവർ ക്യാമ്പുകളിലേക്ക് മാറിയത‌്.

എന്നാൽ മണകുന്നം വില്ലേജ് ഓഫിസിൽനിന്ന് തയ്യാറാക്കി നൽകിയ ലിസ്റ്റിൽ പ്രളയബാധിത കുടുംബങ്ങളുടെ എണ്ണം 450 കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൽനിന്ന് വരുന്ന പട്ടിക കൂടി ചേരുമ്പോൾ കുടുംബങ്ങളുടെ എണ്ണം 600 കഴിയുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. പ്രളയബാധിതർക്കുള്ള കിറ്റുകളുടെ വിതരണം വില്ലേജ് ഓഫീസിൽ ആരംഭിച്ചതോടെ നിലവിലെ ലിസ്റ്റിൽ ഉൾപ്പെടാത്ത പലരും പരാതിയുമായി വില്ലേജ് ഓഫീസിൽ എത്തുന്നുണ്ട്. സമീപത്തെ വീടുകളിലുള്ളവർ സർക്കാർ നൽകുന്ന കിറ്റുമായി എത്തുന്നത് കണ്ടതോടെയാണ് പലരും പരാതിയുമായി വില്ലേജ് ഓഫീസിലേക്ക് എത്താൻ തുടങ്ങിയത്.

ഉദയംപേരൂർ പഞ്ചായത്തിൽ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം നൽകണമെങ്കിൽത്തന്നെ 60 ലക്ഷത്തിൽ അധികം രൂപ വേണം. ഇത് സംബന്ധിച്ചാണ് വ്യാപകമായ ആക്ഷേപം ഉയർന്നിരിക്കുന്നത്. ഉദയംപേരൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ ദുരിതാശ്വാസം ലഭിക്കുന്നതിന‌് തങ്ങളുടെ വാർഡിൽനിന്ന് താൽപ്പര്യമുള്ളവരുടെ പേരുകൾ നൽകുകയായിരുന്നു എന്ന് പറയുന്നു. ഇതിൽ ഭൂരിപക്ഷവും അനർഹരാണ് എന്നാണ് പരാതി.

ജനപ്രതിനിധികളുടെ സമ്മർദത്തിന് വഴങ്ങിയ വില്ലേജ് അധികൃതർ പ്രാഥമിക അന്വേഷണം പോലും നടത്താതെ പട്ടിക തയ്യാറാക്കിയതോടെ ഉദയംപേരൂർ പഞ്ചായത്തിലെ പ്രളയദുരിതാശ്വാസം ലഭിക്കേണ്ട കുടുംബങ്ങളുടെ പട്ടികയിൽ 90 ശതമാനത്തിൽ അധികവും അനർഹരാണെന്ന‌് നാട്ടുകാർ പറയുന്നു. ഈ പട്ടിക ദ്ദാക്കി അർഹരായവർക്ക് മാത്രം സഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


പ്രധാന വാർത്തകൾ
Top