17 October Wednesday

ജനജാഗ്രതായാത്രയ്ക്ക് ഉജ്വലസമാപനം ; സംരക്ഷിക്കാനും പോരാടാനുമുറച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

കൊച്ചി > കേരളത്തിന്റെ വ്യവസായതലസ്ഥാനമായ എറണാകുളം ജില്ലയില്‍ പോരാട്ടത്തിന്റെ സന്ദേശംനല്‍കി എല്‍ഡിഎഫ് ജനജാഗ്രതായാത്ര സമാപിച്ചു. വര്‍ഗീയതയ്ക്കും ജനവിരുദ്ധനയങ്ങള്‍ക്കും ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതായി സ്വീകരണകേന്ദ്രങ്ങളില്‍ തിങ്ങിക്കൂടിയ ജനസഞ്ചയം. ജില്ലയില്‍ മൂന്നുദിവസത്തെ പര്യടനത്തിനുശേഷമാണ് ജാഥ വെള്ളിയാഴ്ച വൈകിട്ട് വൈറ്റില ജങ്ഷനില്‍ സമാപിച്ചത്. ജനകീയ ബദല്‍നയങ്ങളിലൂന്നി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനും ജനങ്ങളെ കൊള്ളയടിക്കുകയും വര്‍ഗീയവിഭജനം സൃഷ്ടിക്കുകയുംചെയ്യുന്ന ബിജെപി സര്‍ക്കാരിനെതിരെ പോരാട്ടം ശക്തിപ്പെടുത്താനുമുള്ള കടമ ഏറ്റെടുത്ത് ജനങ്ങളൊന്നായി അണിനിരക്കുന്ന കാഴ്ചയാണ് സ്വീകരണകേന്ദ്രങ്ങളില്‍ കണ്ടത്. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജനജാഗ്രതായാത്രയുടെ സമാപനദിവസത്തെ പര്യടനം ആരംഭിച്ചത് വൈപ്പിന്‍ ഞാറക്കലില്‍നിന്നാണ്. ബാന്‍ഡ്മേളത്തിന്റെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് ശര്‍മ എംഎല്‍എ ജാഥാക്യാപ്റ്റനെ ഹാരാര്‍പ്പണംചെയ്തു സ്വീകരിച്ചു. സമ്മേളനത്തില്‍ സിപിഐ ജില്ലാ കൌണ്‍സില്‍ അംഗം അഡ്വ. മജ്നു കോമത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി കെ മോഹനന്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, മുതിര്‍ന്ന നേതാവ് കെ എം സുധാകരന്‍,  ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍ എന്നിവരും ഇടതുപക്ഷ സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എം കെ ബാബു നന്ദി പറഞ്ഞു.

കൊച്ചി സാന്റോ ജങ്ഷനിലായിരുന്നു രണ്ടാമത്തെ സ്വീകരണകേന്ദ്രം. ജാഥയെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മദര്‍ തെരേസാ സ്ക്വയറിലേക്ക് ആനയിച്ചു. അവിടെനിന്ന് ബാന്‍ഡ്മേളത്തോടെയാണ് സമ്മേളനവേദിയിലേക്ക് എത്തിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി ടി കെ ഷബീബ് ജാഥാക്യാപ്റ്റനെ ഹാരാര്‍പ്പണംചെയ്തു സ്വീകരിച്ചു. തുടര്‍ന്നുചേര്‍ന്ന സമ്മേളനത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷനായി. ടി കെ ഷബീബ് സ്വാഗതവും പി കെ ഖാലിദ് നന്ദിയും പറഞ്ഞു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സിപിഐ എം പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റര്‍, എം മുഹമ്മദ്, എം ഡി ആന്റണി, ടി സി സഞ്ജിത്ത്, കമല സദാനന്ദന്‍, ഇ കെ മുരളീധരന്‍, വി കെ മനോഹരന്‍, ടി കെ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

തൃപ്പൂണിത്തുറയില്‍ ജാഥയെ കിഴക്കേക്കോട്ടയില്‍നിന്നു വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും  അകമ്പടിയില്‍ ലായം കൂത്തമ്പലത്തിലേക്ക് സ്വീകരിച്ചു. പൊതുസമ്മേളനത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി സി എന്‍ സുന്ദരന്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി പി വി ചന്ദ്രബോസ് സ്വാഗതവും എന്‍സിപി നേതാവ് വി ജി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

സമാപനസമ്മേളനവേദിയായ വൈറ്റിലയിലേക്ക് ബാന്‍ഡ്മേളത്തിന്റെയും മുത്തുക്കുടകളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സഞ്ജിത്ത് സ്വാഗതം പറഞ്ഞു. മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷനായി. മന്ത്രിമാരായ മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജാഥാക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി നന്ദി പറഞ്ഞു. എം എം ലോറന്‍സ്, സി എം ദിനേശ്മണി, ടി കെ മോഹനന്‍, അഡ്വ. എം അനില്‍കുമാര്‍, കെ ഡി വിന്‍സന്റ്, സി കെ പരീത്, എന്‍ എ മണി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജബ്ബാര്‍ തച്ചയില്‍, ബി എ അഷ്റഫ്, പി ജെ കുഞ്ഞുമോന്‍, കെ കെ ജയരാജ്, കെ എ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.          

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top