21 September Friday

വേദന തളംകെട്ടി മഹാരാജാസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കൊച്ചി>പ്രിയസുഹൃത്തിന്റെ വേർപാടിൽ പൊട്ടിക്കരയുകയും മുദ്രാവാക്യങ്ങളാൽ അന്ത്യയാത്ര നൽകുകയും ചെയ‌്ത മഹാരാജാസ‌് കോളേജ‌് ചൊവ്വാഴ‌്ച നിശബ്ദമായിരുന്നു.  വേർപാടിന്റെ വേദന തളംകെട്ടിക്കിടന്ന അന്തരീക്ഷം. ഓഫീസ‌് ആവശ്യങ്ങൾക്കായി  ഏതാനും വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും മാത്രമാണ‌് കോളേജിൽ എത്തിയത‌്.  ഇരുഗേറ്റിലും  ആൺകുട്ടികളുടെ ഹോസ്റ്റലിലും പൊലീസ‌്കാവൽ.

വിദ്യാർഥികൾ ഭൂരിഭാഗവും തിങ്കളാഴ്ച രാത്രിയോടെയും ചൊവ്വാഴ്ച പുലർച്ചയോടെയും ഹോസ‌്റ്റലുകളിൽനിന്ന‌് വീടുകളിലേക്കു പോയി. അഭിമന്യുവിന്റെ ചില സുഹൃത്തുക്കൾ ഹോസ‌്റ്റലിൽ അവശേഷിച്ചു.

കഴിഞ്ഞവർഷം ഇതേ ദിവസാണ് അഭിമന്യു ഹോസ്റ്റലിലെത്തിയതെന്ന‌് സുഹൃത്തുക്കൾ ഓർമിച്ചു. ‘‘ഞങ്ങൾക്കാർക്കും ഹോസ‌്റ്റലിൽ സ്വന്തം എന്നൊരു മുറി ഇല്ലായിരുന്നു, അവനും. സാധനങ്ങൾ വയ‌്ക്കുന്ന ഒരു മുറി ഉണ്ടെങ്കിലും സ്ഥിരമായി ഒരു മുറിയിൽ ഉറങ്ങിയിരുന്നില്ല. ഹാളിൽ മറ്റുള്ളവർക്കൊപ്പമായിരുന്നു അവന്റെ ഉറക്കം.  ലോകകപ്പ് തുടങ്ങിയതോടെ ഹാളിനുസമീപത്തെ മുറിയിൽ ടിവി സ്ഥാപിച്ച് കളി കണ്ട് രാത്രി വൈകിയായിരുന്നു ഉറക്കം’’﹣  അവർ പറഞ്ഞു.

പോസ്റ്റർ ഒട്ടിക്കാൻ എന്തിനാണ് കത്തി... പശ പോരെ... ഇത് കൊല്ലാൻവേണ്ടിത്തന്നെ വന്നതാണ്. പ്രകോപനമുണ്ടാക്കി പ്രശ്‌നങ്ങൾ വഷളാക്കി ആക്രമിക്കുകയായിരുന്നു അവർ. 12നുമുമ്പ‌് ആരംഭിച്ച പ്രശ്‌നങ്ങൾ അവസാനിച്ചുവെന്നു കരുതിയതാണ്. പിന്നെയാണ് കൂടുതൽ ആളുകളെത്തി ആക്രമിച്ചതും അവനെ കുത്തിവീഴ‌്ത്തിയതും﹣ സുഹൃത്തുക്കൾ പറഞ്ഞുനിർത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top