Top
24
Wednesday, January 2018
About UsE-Paper

താക്കോല്‍ സൂക്ഷിപ്പ് സബ്കലക്ടര്‍ക്കായി; ജീവനക്കാരും ജനങ്ങളും വലഞ്ഞു

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

മട്ടാഞ്ചേരി > ഓഫീസിന്റെ താക്കോലുമായി ഫോര്‍ട്ട്കൊച്ചി സബ്കലക്ടര്‍ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാരും ജനങ്ങളും  വലഞ്ഞു. സബ്കലക്ടര്‍  കെ ഇമ്പശേഖരന്റെ പുതിയ പരിഷ്കാരമാണ് ജീവനക്കാരെയും ജനങ്ങളെയും മുക്കാല്‍ മണിക്കൂറോളം ഓഫീസിനു പുറത്തുനിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച പകല്‍ 11ഓടെയാണ് ആര്‍ഡിഒ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. രാവിലെ എത്തിയ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ ജനങ്ങളും അതുവരെ കാത്തിരുന്നു. 10.45ഓടെ പ്യൂണ്‍വഴി താക്കോല്‍ എത്തിച്ചശേഷമാണ് ഓഫീസ് തുറന്നത്. ഓഫീസിലേക്ക് വരുംവഴി, കടവന്ത്ര സ്റ്റേഷനില്‍  എഎസ്ഐ മരിച്ചതിനെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശമനുസരിച്ച് സബ്കലക്ടര്‍ അങ്ങോട്ടുപോയതാണ് പ്രശ്നത്തിനു കാരണമായത്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി താക്കോല്‍ കസ്റ്റഡിപ്രശ്നം ഓഫീസ് പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നതായി ജനങ്ങള്‍ പരാതിപ്പെട്ടു. ജില്ലയില്‍ അങ്കമാലിമുതല്‍ തൃപ്പൂണിത്തുറവരെയുള്ള അധികാരപരിധിയിലെ റവന്യൂവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ ഓഫീസില്‍ നടക്കുന്നത്. പ്രതിദിനം വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ആളുകളും അമ്പതിലേറെ ജീവനക്കാരും ഓഫീസിനെ ആശ്രയിക്കുന്നു. ജുഡീഷ്യല്‍ കോടതി അടക്കമുള്ള ഓഫീസിന്റെ താക്കോല്‍ ആര്‍ഡിഒ കൈവശം വയ്ക്കുന്നതാണ് കാരണമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ ഓഫീസ് മേധാവിയോ ഉയര്‍ന്ന ജീവനക്കാരോ ആണ് സൂക്ഷിക്കാറ്. തങ്ങളെ വിശ്വാസത്തിലെടുക്കാത്ത സബ്കലക്ടറുടെ നിലപാടില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.