20 July Friday

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നട തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

കാലടി > തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വതീദേവിയുടെ നട തിങ്കളാഴ്ച തുറന്നു. ഇനി 11 നാളുകള്‍ ദേവീദര്‍ശനത്തിന് ഭക്തജനപ്രവാഹമായിരിക്കും. ധനുമാസത്തിലെ തിരുവാതിരമുതല്‍ 12 ദിനങ്ങള്‍മാത്രമാണ് തിരുവൈരാണിക്കുളത്തു പാര്‍വതീദേവിയുടെ നടതുറക്കുന്നത്. 

ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍നിന്നുള്ള തിരുവാഭരണഘോഷയാത്രയോടെ നടതുറപ്പിന്റെ ചടങ്ങുകള്‍ ആരംഭിച്ചു. അകവൂര്‍ കുടുംബപരദേവതയായ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കെടാവിളക്കില്‍നിന്ന് പകര്‍ന്ന ദീപം തറവാട്ടു കാരണവര്‍ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്കു കൈമാറി. തുടര്‍ന്നു ശ്രീപാര്‍വതീദേവിയുടെ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ഘോഷയാത്ര നടയ്ക്കല്‍ എത്തിയപ്പോള്‍ സമുദായ തിരുമേനിയുടെ അനുമതിയോടെ മേല്‍ശാന്തി നട തുറന്നു.

ഒരുരാത്രി മുഴുവന്‍ ഇവിടെ കഴിയുന്ന ദേവിക്കു തോഴി ബ്രാഹ്മണിയമ്മ പാട്ടും ശീലുകളുമായി ഉറക്കമൊഴിഞ്ഞു കൂട്ടിരിക്കുന്നതാണ് ആചാരം. ഈ സമയം ക്ഷേത്രസന്നിധിയില്‍ വ്രതംനോറ്റ മങ്കമാര്‍ തിരുവാതിരച്ചുവടുവച്ച്, പാതിരാപ്പൂചൂടി പൂത്തിരുവാതിര കൊണ്ടാടും. തിങ്കള്‍മുതല്‍ 12 വരെ ദര്‍ശനോത്സവമാണ്. രാവിലെ നാലുമുതല്‍ 1.30 വരെയും വൈകിട്ടു നാലുമുതല്‍ 8.30 വരെയുമാണു ദര്‍ശനസമയം. 12ന് രാത്രി എട്ടിന് ദര്‍ശനോത്സവം സമാപിക്കും.

പ്രധാന വാർത്തകൾ
Top