21 November Wednesday

വീടിനുനേരെ കഞ്ചാവ‌ുമാഫിയ ബോംബെറിഞ്ഞെന്ന‌് പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


അങ്കമാലി
പീച്ചാനിക്കാട് വീടിനുനേരെ നാടൻ ബോംബെറിഞ്ഞു. വീടിന്റെ ഭിത്തിയിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും പതിച്ചിരുന്നു. സംഭവത്തിനുപിന്നിൽ കഞ്ചാവ് മാഫിയയാണെന്നാണ് പൊലീസ‌് നിഗമനം. പീച്ചാനിക്കാട് അരീയ്ക്കൽ ബിജുവിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ നാടൻ ബോംബെറിഞ്ഞത്. ചില്ലിന്റെ ഭരണിയിലാക്കിയാണ്   ബോംബ് വീടിന്റെ ഹാളിലേയ്ക്ക് എറിഞ്ഞത്. രണ്ട് തിരിയുള്ള ബോംബായിരുന്നു. കരിയുന്ന മണം ശ്രദ്ധയിൽപ്പെട്ട  ഭാര്യ ജീന ഉടൻ ബിജുവിനെ വിളിച്ചുണർത്തിയശേഷം മക്കളായ റൂബിനെയും റെജിനെയും കൂട്ടി പുറത്തേയ്ക്ക് ഓടി. വീടിന്റെ പിൻഭാഗത്തെ വാതിലിന് തീയിട്ടിരുന്നു. ഷർട്ടും കുട്ടികളുടെ ചെരിപ്പും കൂട്ടിയിട്ടാണ് തീകൊടുത്തിരുന്നത്. പിന്നീടാണ് പൊട്ടാത്തനിലയിൽ നാടൻ ബോംബ് കണ്ടത്.  നാട്ടുകാർ  വിവരമറിയിച്ചതിനെത്തുടർന്ന‌് അങ്കമാലി പൊലീസ് എത്തി  ബോംബ് നിർവീര്യമാക്കി. നേരംപുലരുംവരെ നാട്ടുകാർ ബിജുവിന്റെ വീടിന് കാവൽ നിന്നു.  'വരുന്നു നിന്റെകാലൻ' എന്ന തലക്കെട്ടോടെയാണ് ഭിത്തിയിൽ പതിച്ച പോസ്റ്ററിലെ വാചകങ്ങൾ തുടങ്ങുന്നത്. ഈ വീട്ടിൽ ആരും വേണ്ടെന്നും എഴുതിയിട്ടുണ്ട്. റെയിൽപാളത്തിന് സമീപമാണ് ഡ്രൈവറായ ബിജുവിന്റെ വീട്. ഒന്നര മാസം മുമ്പ് രാത്രിയിൽ ഒരാൾ ബാഗുമായി റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നത് കണ്ട് ബിജുവും കൂട്ടുകാരും ചോദ്യം ചെയ്തിരുന്നു. അയാൾ വെല്ലുവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. റെയിൽപാളത്തിലൂടെ നടന്നുപോകുന്നവരെ ചോദ്യം ചെയ്യാൻ നീ ആരെടാ എന്നും ഭിത്തിയിൽ പതിച്ചിട്ടുള്ള പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. എന്ന് നിന്റെ കാലൻ എന്നെഴുതിയാണ് പോസ്റ്റർ അവസാനിപ്പിച്ചിരിക്കുന്നത്. അസഭ്യവും
എഴുതിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും സയന്റിഫിക് അസിസ്റ്റന്റും വീട്ടിലെത്തി പരിശോധന നടത്തി.


പ്രധാന വാർത്തകൾ
Top