19 November Monday

അഭിമന്യു വധം: ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറിയെ കസ‌്റ്റഡിയിൽ വിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018



കൊച്ചി
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ആസൂത്രകനും ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ‌് റിഫ, 26 ‐ാം പ്രതി പള്ളുരുത്തി സ്വദേശി സനീഷ‌് എന്നിവരെ അഞ്ച‌് ദിവസത്തേക്ക‌് പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടു. പ്രതികൾ ഉപയോഗിച്ച കത്തിയും മൊബൈൽ ഫോണും മറ്റും കണ്ടെടുക്കാൻ കസ‌്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയിലാണ‌് എറണാകുളം ഒന്നാം ക്ലാസ‌് മജിസ‌്ട്രേട്ട‌് കോടതി(രണ്ട‌്)യുടെ ഉത്തരവ‌്.

മഹാരാജാസ‌ിൽ എസ‌്എഫ‌്ഐ പ്രവർത്തകരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നേരിട്ട‌് പങ്കാളിയാണ‌്  റിഫയെന്ന‌് അന്വേഷണസംഘം  കസ‌്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.  മറ്റ‌് ജില്ലകളിൽ നിന്നും കൊലയാളികളെ എത്തിച്ചത‌് ഇയാളാണ‌്. കൊലപാതകം ഉൾപ്പെടെ ആസൂത്രണം ചെയ‌്ത ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി യോഗത്തിലും റിഫ പങ്കെടുത്തു. അഭിമന്യു, അർജുൻ, വിനീത‌് എന്നിവരെ കുത്തിവീഴ‌്ത്തിയശേഷം പ്രതികൾക്ക‌് രക്ഷപ്പെടാൻ സഹായമൊരുക്കിയതും റിഫയായിരുന്നെന്ന‌ും പൊലീസ‌് വ്യക്തമാക്കി.

കൊലയ‌്ക്ക‌് ശേഷം തെളിവു നശിപ്പിക്കാനും  നേതൃത്വം നൽകിയെന്ന‌ും കണ്ടെത്തി. ബംഗളരൂവിൽ ഒളിവിൽ കഴിയുകയായിരുന്ന റിഫയെ കഴിഞ്ഞ 26നാണ‌് പിടികൂടിയത‌്. കണ്ണൂർ കൂത്തുപറമ്പ‌് സ്വദേശിയായ റിഫ പൂത്തോട്ടയിലെ സ്വകാര്യ കോളേജിൽ നിയമ ബിരുദ വിദ്യാർഥിയാണ‌്. സംഭവ ദിവസം മഹാരാജാസിൽ എസ‌്എഫ‌്ഐ പ്രവർത്തകരെ കത്തി വീശി ഭീഷണിപ്പെടുത്തിയത‌് പള്ളുരുത്തി സ്വദേശിയായ സനീഷാണ‌്. പോപ്പുലർ ഫ്രണ്ടിന്റെ തൊഴിലാളി സംഘടനയുടെ പ്രവർത്തകനായ സനീഷ‌ിനെ അങ്കമാലിയിൽ നിന്നാണ‌് പൊലീസ‌് പിടികൂടിയത‌്.

പ്രധാന വാർത്തകൾ
Top