22 September Saturday

മണ്ണിലിറങ്ങി താരങ്ങൾ; തന്നൂ കാരുണ്യം

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

പാലക്കാട‌്  > മഹാമാരിയിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്ത‌് കോളിവുഡ‌്(തമിഴ‌്), ടോളിവുഡ‌്(തെലുങ്ക‌്) സിനിമാലോകം. തങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ‌്ത കാര്യം, കേരളമുഖ്യമന്ത്രിയുടെ അഭ്യർഥന സഹിതം, നിങ്ങളും സഹായം നൽകണമെന്നാവശ്യപ്പെട്ടാണ‌് താരങ്ങൾ ട്വിറ്ററിൽ അറിയിച്ചത‌്.

മുൻനിര നൃത്തസംവിധായകനും നടനുമായ രാഘവാ ലോറൻസ‌് അമ്മയോടൊപ്പം തിരുവനന്തപുരത്തെത്തി ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറി. നിലവിൽ ഏറ്റവും കൂടുതൽ തുക നൽകിയത‌് ഇദ്ദേഹമാണ‌്. ഇളയ ദളപതി വിജയ‌് 70 ലക്ഷം നൽകിയതായി ട്വീറ്റ‌് ചെയ‌്തു. വിജയകാന്ത‌് രണ്ടു കോടി രൂപയുടെ ഉൽപ്പന്നങ്ങളടക്കമുള്ളവ കേരളത്തിലേക്കയച്ചതായി ട്വീറ്റ‌് ചെയ‌്തു. വിക്രം‐ 35 ലക്ഷം, കമൽഹാസൻ, വിജയ‌്സേതുപതി എന്നിവർ 25 ലക്ഷംരൂപ വീതവും താരസഹോദരങ്ങളായ കാർത്തിയും സൂര്യയും 25 ലക്ഷവും നൽകി. രജനീകാന്തും ധനുഷും 15 ലക്ഷം വീതമാണ‌് നൽകിയത‌്. സംവിധായകൻ ഷങ്കർ, ശിവകാർത്തികേയൻ, സിദ്ധാർഥ‌്, നയൻതാര, വിശാൽ എന്നിവർ 10 ലക്ഷം രൂപ വീതവും അനുപമ പരമേശ്വരൻ ഒരു ലക്ഷവും രോഹിണി രണ്ട‌് ലക്ഷവും നൽകി.

തെലുങ്ക‌് മെഗാസ‌്റ്റാർ ചിരഞ്ജീവി, മകൻ കൂടിയായ താരം രാംചരൺ തേജ, മഹേഷ‌്ബാബു, നാഗാർജുന, പ്രഭാസ‌്, അല്ലുഅർജുൻ, ജൂനിയർ എൻ ടി ആർ എന്നി വർ 25 ലക്ഷം വീതവും വിജയ‌് ദേവർകൊണ്ട അഞ്ച‌് ലക്ഷവുമാണ‌് നൽകിയത‌്. താരങ്ങൾ ട്വീറ്റ‌് ചെയ‌്തതിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത‌്. കൂടാതെ നിർമാതാവ‌് രാജ‌്കുമാർ സേതുപതിയും ഭാര്യ ആദ്യകാല നടി ശ്രീപ്രിയയും ചേർന്ന‌് പത്ത‌് ലക്ഷം രൂപ നൽകി.

 തമിഴിലെ പ്രമുഖ ചാനലായ സൺ നെറ്റ‌്‌വർക്ക‌് ഒരു കോടിയും ഡിഎംകെ ഒരു കോടിയും നൽകിയതായി ട്വീറ്റ‌് ചെയ‌്തിട്ടുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top