21 November Wednesday

മണ്ഡലകാലം: സന്നിധാനത്ത് ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍; 3000 പേരെ ആരോഗ്യവകുപ്പ് നിയോഗിക്കും

സ്വന്തം ലേഖികUpdated: Thursday Nov 8, 2018

തിരുവനന്തപുരം > മണ്ഡല-- മകരവിളക്ക് കാലത്തോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ്. തീര്‍ഥാടകരുടെ ആരോഗ്യ പരിരക്ഷയ്ക്കായി മൂവായിരത്തോളം ജീവനക്കാരെ നിയോഗിക്കും. സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ സംവിധാനങ്ങളും മുഴുവന്‍ സമയ ആംബുലന്‍സ് സേവനവും ഉണ്ടാകും. പമ്പമുതല്‍ സന്നിധാനംവരെ അഞ്ച് കിലോമീറ്ററില്‍ 16 ചികിത്സാസഹായ കേന്ദ്രങ്ങള്‍ തയ്യാറാക്കും. ഒപി, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍, ഓപ്പറേഷന്‍ തിയറ്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. നിലയ്ക്കല്‍ പിഎച്ച്‌സി, എരുമേലി സിഎച്ച്‌സി, പത്തനംതിട്ട ജന. ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കും. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ എന്നിവിടങ്ങളിലെ ഐസിയു സൗകര്യമുള്ള മുഴുവന്‍സമയ ഡിസ്പന്‍സറികളില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. നിലയ്ക്കലിലും പമ്പയിലും സഞ്ചരിക്കുന്ന നാല് ഡിസ്പെന്‍സറികളും ഒരുക്കും. ചരല്‍മേട് സ്വാമി അയ്യപ്പന്‍ റോഡില്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തിക്കും.

അടിയന്തരസന്ദര്‍ഭങ്ങള്‍ മുന്നില്‍ക്കണ്ട് മുഴുവന്‍സമയ അംബുലന്‍സ് സേവനം ലഭ്യമാക്കും. തീര്‍ഥാടകര്‍ മരിച്ചാല്‍ മൃതദേഹം വീട്ടില്‍ എത്തിക്കാനും ആംബുലന്‍സ് ഉപയോഗിക്കാം. ജലജന്യ, ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരെയും നിയോഗിക്കും. അഴുത, കരിമല, പുല്‍മേട്, എരുമേലി എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഡിസ്പന്‍സറിയും എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കാര്‍ഡിയാക് കെയര്‍ യൂണിറ്റും ആരംഭിക്കും. ഇടത്താവളങ്ങളായ പന്തളം, വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പുതുറ, കല്ലിടാംകുന്ന്, പെരുവത്താനം എന്നിവിടങ്ങളില്‍ അടിയന്തര ആരോഗ്യസംരക്ഷണ സേവനങ്ങളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക ആരോഗ്യസേവന കേന്ദ്രവും ആരംഭിക്കും.

ഇക്കൊല്ലം മണ്ഡലകാലത്ത് അധികമായി ഭക്തര്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി. വിവിധ ജില്ലകളില്‍ നിന്ന് ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും സേവനത്തിന് നിയോഗിക്കും. ആരോഗ്യ ഡയറക്ടര്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top