20 November Tuesday

കർഷക പ്രകടനവും കുത്തിയിരിപ്പ് സമരവും 9ന‌്

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018

തിരുവനന്തപുരം > കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ഒമ്പതിന് രാജ്ഭവനിലും ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലും കർഷകർ രോഷപ്രകടനവും കുത്തിയിരിപ്പ് സമരവും സംഘടിപ്പിക്കും. രാവിലെ 10 ന‌് ആരംഭിച്ച് രാത്രി എട്ടിന് സമരം സമാപിക്കും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജയിൽനിറയ്ക്കൽ പ്രക്ഷോഭത്തിന്റെ ഭാഗമായാണിത‌്. കർഷകർ, ബഹുജനങ്ങൾ എന്നിവരിൽനിന്നുശേഖരിച്ച ഒരുകോടി ഒപ്പുകളടങ്ങുന്ന നിവേദനം അന്ന‌് ഗവർണർ, കലക്ടർ എന്നിവർ മുഖേന പ്രധാനമന്ത്രിക്ക‌് സമർപ്പിക്കും.
നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ കടുത്ത കർഷക വഞ്ചനയാണ് നാലുവർഷമായി എൻഡിഎ സർക്കാർ തുടരുന്നത്.

സങ്കീർണമായിക്കിടന്ന ഗാഡ്ഗിൽ‐കസ്തൂരി രംഗൻ വിഷയത്തിൽ നിയമസഭ ഐകകണ്‌ഠേന പാസാക്കിയ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചെങ്കിലും വർഷങ്ങൾ പലതുകഴിഞ്ഞിട്ടും അന്തിമ റിപ്പോർട്ട് ഇനിയും കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല. റബർ വിലയിടിവ് നാൾക്കുനാൾ വർധിക്കുമ്പോഴും ചിരട്ടപ്പാൽ റബർ (കപ്പ് റബർ) ഇറക്കുമതിക്ക‌് കേന്ദ്ര സർക്കാർ അനുമതി നൽകിയത് കേരളത്തിലെ റബർ കർഷകരോട് കാണിച്ച ക്രൂരതയാണ‌്.
സങ്കീർണമായ ഈ സാഹചര്യത്തിലാണ് ദേശവ്യാപക പ്രക്ഷോഭമൊരുക്കുന്നത‌്. സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ വാഹന പ്രചാരണജാഥകൾക്ക‌് വൻ പ്രതികരണമാണ‌് ലഭിച്ചത‌്.

തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിൽ കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള സമരം ഉദ‌്ഘാടനം ചെയ്യും. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിമാരായ ഇ പി ജയരാജൻ കണ്ണൂരിലും വിജു കൃഷ്ണൻ പാലക്കാട്ടും കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ വിജയരാഘവൻ കോഴിക്കോട്ടും സമരം ഉദ്ഘാടനംചെയ്യും. സിഐടിയു സംസ്ഥാന കമ്മിറ്റി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top