20 September Thursday

ചെങ്ങന്നൂരിൽ വികസനക്കുതിപ്പിന‌് ബഹുമുഖ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


ചെങ്ങന്നൂർ
ചെങ്ങന്നൂരിലെ പ്രധാന പാതയോരങ്ങളിൽ സ‌്ത്രീകൾക്കായി ആധുനിക രീതിയിൽ സജ്ജീകരിച്ച വിശ്രമ കേന്ദ്രങ്ങളും എട്ടുമുതൽ പ്ലസ്ടു വരെയുള്ള എല്ലാ ഗവൺമെന്റ്, എയിഡഡ്  ഗേൾസ് ഹൈസ‌്കൂളിലും വിദ്യാർഥിനി സൗഹൃദ വിശ്രമമുറികളും നിർമിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു.

എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നാണ‌് ഇതിന‌ുള്ള പണം കണ്ടെത്തുകയെന്ന‌് സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടമായി എം സി റോഡ്, മാവേലിക്കര തിരുവല്ല റോഡ്, ചെങ്ങന്നൂർ കോടുകുളഞ്ഞി കൊല്ലകടവ് റോഡ്, എം കെ റോഡ് എന്നിവയുടെ സമീപമാണ് വൈഫൈ, മുറികൾ, പാർക്കിങ‌്, ലഘുഭക്ഷണശാലയടക്കമുള്ള വിശ്രമ കേന്ദ്രങ്ങൾ സ‌്ത്രീകൾക്കായി ഒരുക്കുക. 

മണ്ഡലത്തിലെ 37 ഗ്രന്ഥശാലകളിൽ സ‌്മാർട്ട് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി ജനസേവന കേന്ദ്രങ്ങൾ  ആരംഭിക്കും. നിയോജക മണ്ഡലത്തിൽ തരിശുകിടക്കുന്ന 1600 ഹെക‌്ടർ ഭൂമിയിൽ കൃഷി ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി. കഴിഞ്ഞ ദിവസം കൃഷി മന്ത്രി വി എസ‌് സുനിൽകുമാറിന്റെ ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ എംഎൽഎ ചെയർമാനായും വെൺമണി കൃഷി ഓഫീസർ കൺവീനറുമായുള്ള ഏഴംഗ സമിതി രൂപീകരിച്ചു. 

സമിതി 40 ദിവസത്തിനകം സമഗ്ര റിപ്പോർട്ട് ഗവൺമെന്റിനു സമർപ്പിക്കും. മൂന്നുഘട്ടമായി മൂന്നു വർഷത്തിനകം തരിശു രഹിത നിയോജക മണ്ഡലമായി ചെങ്ങന്നൂരിനെ മാറ്റും. ഇതിനായി ചെങ്ങന്നൂരിലെ ജനപ്രതിനിധികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കും.

മുഴുവൻ വാർഡുകളിലും കർഷകഗ്രാമസഭകൾ വിളിച്ചു  ചേർക്കും. സംസ്ഥാനതല കർഷക ഗ്രാമ സഭ ചെങ്ങന്നൂരിൽ മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ്യും. ഇതിന്റെ ഭാഗമായി സംയോജിത കൃഷി നടപ്പാക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top