22 November Thursday

സ്വന്തം റെക്കോഡ് തിരുത്താന്‍ അര്‍വിന്ദ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2017

ചേര്‍ത്തല > ഏറ്റവുമധികം ഒരുരൂപ നോട്ട് ശേഖരിച്ച് റെക്കോഡ് സ്ഥാപിച്ച ചേര്‍ത്തല സ്വദേശിയായ അര്‍വിന്ദ് കുമാര്‍ പൈ സ്വന്തം റെക്കോഡ് തിരുത്താനുള്ള തയ്യാറെടുപ്പിലാണ്.

കേരളത്തില്‍ അറിയപ്പെടുന്ന ഫിലാറ്റലിസ്റ്റായ ചേര്‍ത്തല മാടയ്ക്കല്‍ ശാന്തി നിവാസില്‍ അര്‍വിന്ദ്കുമാര്‍ പൈയ്ക്ക് സ്റ്റാമ്പ് ശേഖരണത്തില്‍ നാലും കറന്‍സി ശേഖരണത്തില്‍ രണ്ടും റെക്കോഡ് നേരത്തെയുണ്ട്. ഒരുരൂപയുടെ 11,111 നോട്ടുകള്‍ കൈവശമുള്ള ഇദ്ദേഹം സ്വന്തം റെക്കോഡ് തിരുത്താനൊരുങ്ങുകയാണ്. എ എം ആരിഫ് എംഎല്‍എയാണ് അതിനായി ശുപാര്‍ശ നല്‍കുന്നത്. ചേര്‍ത്തല ഗവ. ടൌണ്‍ എല്‍പി സ്കൂള്‍ അധ്യാപകനായ അര്‍വിന്ദിന് ആറ് വ്യത്യസ്ത റെക്കോര്‍ഡുകളുണ്ട്. 2015ല്‍ മൂന്ന് റെക്കോഡ് ബുക്കില്‍ ഇടംനേടിയതോടെ ഒരേവര്‍ഷം ഇത്രയധികം നേട്ടംകൊയ്ത ആദ്യ കേരളീയനെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹനായി. ഏഷ്യയില്‍ കൂടുതല്‍ ഗാന്ധിസ്റ്റാമ്പുകളുള്ള ഇദ്ദേഹത്തിന് ഏഷ്യ ബുക്ക്, ഇന്ത്യ ബുക്ക്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയില്‍ ഇടംനേടാനായി. 322 സ്റ്റാമ്പുകള്‍ തപാല്‍ കവറില്‍ ഒട്ടിച്ചു അമ്മയ്ക്ക് പിറന്നാള്‍ ആശംസ അയച്ചാണ് ലിംക ബുക്കില്‍ ആദ്യമായെത്തിയത്. മൂന്ന് പ്രാവശ്യം ലിംക ബുക്കില്‍ ഇടംനേടിയ അര്‍വിന്ദ് 2017 ലിംകാ ബുക്കില്‍ വീണ്ടും ഇടംനേടുന്നത് കൂടുതല്‍ ഒരുരൂപ നോട്ട് ശേഖരിച്ചാണ്.

സ്വതന്ത്ര ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യനോട്ട് ഒരു രൂപയുടേതാണ്. ഇതില്‍ ഒപ്പിട്ടത് മലയാളിയായ കെ ആര്‍ കെ മേനോനാണ്. 1949 മുതല്‍  പ്രചാരത്തിലിരുന്ന ഒരുരൂപ നോട്ട് 1994ലാണ് ധനകാര്യ മന്ത്രാലയം നിര്‍ത്തലാക്കിയത്. 2015ല്‍ വീണ്ടുമിറങ്ങിയ ഒരുരൂപ നോട്ടില്‍ ഒപ്പിട്ടത് രാജീവ് മെഹര്‍ഷിയാണ്. 2016ല്‍ ഇറങ്ങിയ നോട്ടില്‍ ഒപ്പിട്ടത് രത്തന്‍ വെട്ടലും.

കെ ആര്‍ കെ മേനോന്‍ ഒപ്പിട്ട ഒരുരൂപ നോട്ടിന്  ഇന്നത്തെ മൂല്യം 20,000 രൂപയോളമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ഒരുരൂപ നോട്ടുള്ളത് അര്‍വിന്ദിന്റെ പക്കലാണ്. അങ്ങനെയാണ് ലിംക ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടിയത്. എംഎല്‍എ ഇതിനായി ശുപാര്‍ശ ചെയ്യുമ്പോള്‍ ബുധനാഴ്ച പിറന്നാള്‍ ആഘോഷിച്ച തനിക്കുള്ള സമ്മാനമായാണ് കരുതുന്നതെന്ന് അര്‍വിന്ദ് പറഞ്ഞു.

കോളേജില്‍ റഗുലര്‍ പഠനം നടത്താത്ത അര്‍വിന്ദ് കേരള സര്‍വകലാശാല ചരിത്ര ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്കുകാരനാണ്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

പ്രധാന വാർത്തകൾ
Top