19 September Wednesday
കുന്നായി കുമിഞ്ഞ‌് വിഭവങ്ങൾ

സാധനസാമഗ്രികളുടെ കൃത്യമായ വിതരണത്തിന്‌ സർക്കാർ ഇടപെടൽ

സ്വന്തം ലേഖകൻUpdated: Wednesday Aug 22, 2018

ജില്ലയിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്കുവേണ്ടിയുള്ള ആഹാരസാധനങ്ങളും വസ്ത്രങ്ങളും എസ്ഡി കോളജിൽ നിന്ന്‌ ക്യാമ്പിലേക്ക് കൊടുത്തു വിടുന്നു

 

ആലപ്പുഴ
ദുരിതബാധിതരെ സഹായിക്കാനുള്ള സാധനസാമഗ്രികളാൽ ആലപ്പുഴ എസ‌്ഡി കോളേജ‌് നിറഞ്ഞു. കോളേജിലാണ‌് ചേർത്തല മുതൽ കരുവാറ്റ വരെയുള്ള ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക‌് നൽകുന്ന സാധനങ്ങളുടെ സംഭരണ‐ വിതരണകേന്ദ്രം. മാവേലിക്കര, ചെങ്ങന്നൂർ ഭാഗങ്ങളിലെ വിതരണത്തിന‌് മാവേലിക്കര വൈഎംസിഎ ഹാളിലും സൗകര്യമൊരുക്കി. 
   ദുരിതാശ്വാസക്യാമ്പുകളിൽ സാധനലഭ്യത സംബന്ധിച്ച‌് ചില പരാതികൾ ഉയർന്ന സാഹചര്യത്തിലാണ‌്  സർക്കാർ നേരിട്ട‌് സംഭരണകേന്ദ്രം തുറന്നത‌്. ഇതോടെ നേരിട്ട‌് ആർക്കും ക്യാമ്പുകളിൽ ഒന്നും നൽകാനാവില്ല. ഭക്ഷണസാമഗ്രികളും മറ്റുള്ളവയും വിതരണകേന്ദ്രത്തിലെത്തിക്കണം. സഹായം നൽകുന്നവർക്ക‌് ജില്ലാഭരണകേന്ദ്രം രസീതും നൽകും. സഹായമെത്തിക്കുന്നവർക്ക‌് അത‌് അർഹരായവർക്ക‌് കിട്ടുമെന്ന‌് ഇതിലൂടെ ഉറപ്പാക്കാനുമാകും. ദുരിതബാധിതർക്ക‌് കൈത്താങ്ങായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന‌് സഹായങ്ങൾ പ്രവഹിക്കുകയാണ‌്. മറ്റ‌് ജില്ലകളിൽ നിന്ന‌ും സംസ്ഥാനത്തിന‌് പുറത്തുനിന്നുമെല്ലാം  കലക്ടറുടെ പേരിൽ സഹായം എത്തുന്നു. 
 എസ‌്ഡി കോളേജിലെ ക്ലാസ‌്മുറികളിൽ തരംതിരിച്ച‌് ഇവ സൂക്ഷിക്കുന്നു.  അരി, പച്ചക്കറി, വസ‌്ത്രങ്ങൾ, ബ്രഡ‌്, ബിസ‌്ക്കറ്റ‌്, പാൽപ്പൊടി, കുപ്പിവെള്ളം, പായ, മെഴുകുതിരി, കൊതുകുതിരി തുടങ്ങി എല്ലാസാമഗ്രികളും വിതരണം ചെയ്യുന്നു. ഓരോ ക്യാമ്പിലേക്കും വേണ്ട സാധനങ്ങൾ ചുമതലയുള്ള ഉദ്യോഗസ്ഥനോ ജനപ്രതിനിധികളോ ആവശ്യപ്പെട്ടാൽ വില്ലേജ‌് ഓഫീസറുടെ സാക്ഷ്യപ്പെടുത്തലുമായി കോളേജിലെത്തി കൈപ്പറ്റാം. കോളേജ‌് ഓഡിറ്റോറിയത്തിലാണ‌് വിതരണം. സാധനങ്ങൾ തീരുന്ന മുറയ‌്ക്ക‌് ഓരോ മുറികളിൽ നിന്നും തരം തിരിച്ച‌് സൂക്ഷിക്കുന്നവ ഓഡിറ്റോറിയത്തിലേക്ക‌് കൈമാറും.  വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ റവന്യൂവകുപ്പിനാണ‌് നിയന്ത്രണം. കൊല്ലം സബ‌്കലക്ടർ ഡോ. ചിത്രയ‌്ക്ക‌ാണ‌് കേന്ദ്രത്തിന്റെ മുഖ്യചുമതല. നാന്നൂറോളം ജീവനക്കാർ, പൊലീസ‌്, എൻഎസ‌്എസ‌്, എൻസിസി വളണ്ടിയർമാർ, ചുമട്ടുതൊഴിലാളികൾ, കോളേജ‌് വിദ്യാർഥികൾ എന്നിവരുടെ സേവനവും ഇവിടെയുണ്ട‌്. രാത്രി ‐പകൽ വ്യത്യാസമില്ലാതെ ഇവരെല്ലാം സജീവമായി പ്രവർത്തിക്കുന്നു.
പ്രധാന വാർത്തകൾ
Top