26 September Wednesday
ക്യാമ്പ‌് ഓഫീസർമാർക്ക‌് മുഖ്യ ചുമതലയെന്ന‌് മന്ത്രിമാർ

ഇനി ശ്രദ്ധ ക്യാമ്പുകളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 ആലപ്പുഴ 

കുട്ടനാട്ടിലെ ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയായ സാഹചര്യത്തിൽ ഇനി ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ചാവും ആശ്വാസ നടപടികളെന്ന‌് മന്ത്രിമാരായ ഡോ. ടി എം തോമസ‌് ഐസക്കും ജി സുധാകരനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പ‌് നടത്തിപ്പിന‌് വിശദമായ മാർഗരേഖ പുറത്തിറക്കും. ജില്ലാതല സമിതിയുടെ മേൽനോട്ടത്തിലായിരിക്കും  പ്രവർത്തനം. ക്യാമ്പിൽ കഴിയുന്നവരുടെ വിവരശേഖരണം ചൊവ്വാഴ‌്ചയോടെ പൂർത്തിയാകും. ജില്ലയിൽ 662 ക്യാംപുകളിലായി 2.5 ലക്ഷം പേരാണ‌് ഉള്ളത‌്. പ്രവർത്തനസൗകര്യത്തിന‌് ചില ക്യാമ്പുകൾ തൊട്ടടുത്ത സൗകര്യമുള്ള വലിയ ക്യാമ്പുകളിലേക്ക‌് കൂട്ടിച്ചേർത്തിട്ടുണ്ട‌്. കാലവർഷം തുടങ്ങിയതുമുതൽ ജില്ലയിൽ മരിച്ചത‌് 35 പേരാണ‌്. 
 വൻസന്നാഹത്തോടെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത‌് അവസാനിപ്പിച്ചു. ഇനിയും വീടുകളിൽ തുടരുന്നവർ  
ക്യാമ്പുകളിൽ എത്തണം. അവർ ബന്ധപ്പെട്ടാൽ ക്യാമ്പിലേക്ക‌് മാറ്റും. കുട്ടനാട്ടിലെ രണ്ടുലക്ഷത്തോളം ജനസംഖ്യയിൽ 1.25 ലക്ഷം പേരെ അമ്പലപ്പുഴ, ചേർത്തല, ചങ്ങനാശേരി, തിരുവല്ല താലൂക്കുകളിലെ ക്യാമ്പുകളിലേക്ക‌് മാറ്റി. അരലക്ഷത്തോളം പേർ ബന്ധുവീടുകളിലും മറ്റുമായുണ്ട‌്. എടത്വ സെന്റ‌് അലോഷ്യസ‌് കോളേജിൽ നാലായിരത്തോളം പേരും മറ്റൊരിടത്ത‌് രണ്ടായിരത്തോളം പേരുമുണ്ട‌്. ഇവരും ക്യാമ്പുകളിലേക്ക‌് മാറണമെന്നാണ‌് ആവശ്യപ്പെടുന്നത‌്. ഇവർക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചിട്ടുണ്ട‌്. വീടുകളിലും മറ്റുമായി ഇപ്പോഴും തുടരുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതും ഭക്ഷണവും മറ്റുമെത്തിക്കുന്നതും ബുദ്ധിമുട്ടാണ‌്. നിലവിൽ ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നുണ്ട‌്. 
 
പ്രധാന വാർത്തകൾ
Top